ബിസിസിഐ വാർഷിക കരാർ പ്രഖ്യാപിച്ചു
Tuesday, April 22, 2025 2:23 AM IST
മുംബൈ: അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് സീനിയർ താരങ്ങൾക്ക് ഗ്രേഡിൽ മാറ്റമില്ലാതെയും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും ബിസിസിഐ പുരുഷ ക്രിക്കറ്റ് വാർഷിക കരാർ പ്രഖ്യാപിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 2024-25 സീസണിലേക്ക് ബിസിസിഐ പ്രഖ്യാപിച്ച വാർഷിക കരാറിൽ കഴിഞ്ഞ സീസണിൽ ഇടംപിടിക്കാതിരുന്ന ശ്രേയസ് അയ്യരും ഇഷാൻ കിഷാനും തിരികെയെത്തി.
രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നീ സീനിയർ താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയായ എ പ്ലസ് ഗ്രേഡിൽ നിലനിർത്തി. ട്വന്റി20ൽനിന്ന് വിരമിച്ച മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് ഗ്രേഡിൽ ബിസിസിഐ നിലനിർത്തുമോ എന്ന് ആകാംക്ഷ നിലനിന്നിരുന്നു. എന്നാൽ ഇന്ത്യൻ ഏകദിന-ടെസ്റ്റ് ടീമുകളുടെ ഭാഗമായ മൂവരെയും എ പ്ലസ് ഗ്രേഡിൽ ബിസിസിഐ നിലനിർത്തുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ. അശ്വിനെ കരാറിൽനിന്നും ഒഴിവാക്കി. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ബി ഗ്രേഡിൽനിന്ന് എ ഗ്രേഡിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു.
കഴിഞ്ഞ വർഷത്തെ കരാറിൽ ഇടം ലഭിക്കാതിരുന്ന ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ചാന്പ്യൻസ് ട്രോഫിയിലും ഉൾപ്പെടെ ഗംഭീര പ്രകടനം നടത്തിയതിനു പിന്നാലെയാണ് വാർഷിക കരാറിൽ ബി ഗ്രേഡിൽ സ്ഥാനം നേടിയത്. കഴിഞ്ഞ വർഷത്തെ കരാറിൽ ഇല്ലാതിരുന്ന ഇഷാൻ കിഷൻ സി ഗ്രേഡിൽ ഉണ്ട്.
മലയാളി താരം സഞ്ജു സാംസണിനെ സി ഗ്രേഡിൽ നിലനിർത്തി. നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറെല്‍, അഭിഷേക് ശർമ, സർഫറാസ് ഖാൻ, ആകാശ് ദീപ്, വരുണ്‍ ചക്രവർത്തി, ഹർഷിത് റാണ എന്നിവരാണു പുതുതായി വാർഷിക കരാറിൽ ഉൾപ്പെട്ടത്. ഇവരെല്ലാം സി ഗ്രേഡിലാണ്.
34 താരങ്ങളാണ് ബിസിസിഐയുടെ 2024-25 വർഷത്തെ വാർഷിക കരാറിൽ ഇടംപിടിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്ന് 2024 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലേക്കാണ് പുതിയ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചത്.
കരാറിൽനിന്ന് ഒഴിവാക്കപ്പെട്ടവർ
രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ ഠാക്കൂർ, ജിതേഷ് ശർമ, കെ.എസ്. ഭരത്, ആവേശ് ഖാൻ എന്നിവർക്കാണ് ബിസിസിഐ വാർഷിക കരാർ നഷ്ടമായത്.
വിവിധ ഗ്രേഡുകളിലുള്ള താരങ്ങൾ
ഗ്രേഡ് എ പ്ലസ്: രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് എ: മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്
ഗ്രേഡ് ബി: സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ
ഗ്രേഡ് സി: റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്ണോയി, വാഷിങ്ടൻ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസണ്, അർഷ്ദീപ് സിങ്, പ്രസിത് കൃഷ്ണ, രജത് പാട്ടീദാർ, ധ്രുവ് ജുറെല്‍, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, ആകാശ്ദീപ്, വരുണ്‍ ചക്രവർത്തി, ഹർഷിത് റാണ.
വാര്‍ഷിക പ്രതിഫലം
ഗ്രേഡ് എ പ്ലസ്: ഏഴ് കോടി രൂപ
ഗ്രേഡ് എ: അഞ്ച് കോടി രൂപ
ഗ്രേഡ് ബി: മൂന്ന് കോടി രൂപ
ഗ്രേഡ് സി: ഒരു കോടി രൂപ