മുംബൈ ഇന്ത്യൻസ് വേൾഡ് വൈഡ്
അനീഷ് ആലക്കോട്
Monday, March 17, 2025 2:00 AM IST
ഇന്ത്യൻ ക്രിക്കറ്റ് വികാരം സച്ചിൻ തെണ്ടുൽക്കർ കളിച്ചതുകൊണ്ടോ മുംബൈ ഇന്ത്യൻസിനിത്ര ആരാധകർ...? അതോ ഇതുവരെ കളിച്ച എട്ട് ഫൈനലുകളിൽ ഏഴിലും കപ്പിൽ ചുംബിച്ചതുകൊണ്ടോ...? ഭൂഗോളത്തിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുടെ പേരിലിറങ്ങിയ ടീമുകളെ ഫൈനലിൽ കീഴടക്കുക അത്ര എളുപ്പമല്ല. ഇക്കാര്യം ഏറ്റവും ഒടുവിൽ അടിവരയിട്ടത് മുംബൈ ഇന്ത്യൻസിന്റെ വനിതാ ടീമാണ്.

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ രണ്ടാം ഫൈനലിനിറങ്ങിയ മുംബൈ ഇന്ത്യൻസ് കപ്പുമായാണ് കളിച്ചുകയറിയത്. മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി ലോകത്തിന്റെ വിവിധ കോണുകളിലായി ഇറങ്ങിയ ടീമുകൾ ഇതുവരെ കളിച്ച 13 ഫൈനലുകളിൽ 12ലും കപ്പിൽ ചുംബിച്ചു. അതുകൊണ്ടുതന്നെ ‘വേൾഡ് വൈഡ് മുംബൈ ഇന്ത്യൻസ്’ എന്ന നാമധേയം കപ്പും ക്ലാസും ഒന്നിക്കുന്ന നിതാ അംബാനിയുടെ ടീമിനല്ലാതെ മറ്റാർക്കുചേരും...
മുംബൈ ഇന്ത്യൻസ്: 7/8
സച്ചിൻ തെണ്ടുൽക്കറിനെ ക്യാപ്റ്റനാക്കിയാണ് മുംബൈ ഇന്ത്യൻസ് പുരുഷ ടീം 2008ൽ ഐപിഎൽ അരങ്ങേറ്റം നടത്തിയത്. 2010ൽ ആദ്യമായി ഐപിഎൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല. എന്നാൽ, 2011ൽ ചാന്പ്യൻസ് ലീഗ് ട്വന്റി-20 കപ്പടിച്ച് കിരീട വേട്ടയ്ക്കു തുടക്കമിട്ടു. പിന്നീടിതുവരെ ഒരു ഫൈനലിൽപോലും മുംബൈ ഇന്ത്യൻസിനു പിഴച്ചില്ല. 2013ൽ കന്നി ഐപിഎൽ ട്രോഫി. അതേവർഷം ചാന്പ്യൻസ് ലീഗ് കിരീടവും. തുടർന്ന് 2015, 2017, 2019, 2020 എന്നിങ്ങനെ കളിച്ച ഐപിഎൽ ഫൈനകളിൽ എല്ലാം ട്രോഫിയുമായി മടക്കം. ഒരു ചാന്പ്യൻസ് ട്രോഫിയും (2013) അഞ്ച് ഐപിഎൽ കിരീടവും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ. 2011 ചാന്പ്യൻസ് ട്രോഫി ഹർഭജൻ സിംഗിന്റെ നേതൃത്വത്തിലും. \
മുംബൈ വനിതകൾ: 2/2
2023ൽ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 തുടങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസായിരുന്നു കന്നി ട്രോഫിയിൽ മുത്തമിട്ടത്. ഹർമൻപ്രീത് കൗർ നയിച്ച മുംബൈ, 2023 ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ഏഴു വിക്കറ്റിനു കീഴടക്കി. 2024 സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു ടീം. എന്നാൽ, ശനിയാഴ്ച നടന്ന 2025 സീസണ് ഫൈനലിൽ മുംബൈ വനിതകൾ വീണ്ടും കപ്പടിച്ചു. മറുവശത്ത് ഡൽഹി ക്യാപ്പിറ്റൽസായിരുന്നു എന്നതും ശ്രദ്ധേയം. മൂന്നു തവണയും ഡൽഹിക്കു ഫൈനലിൽ പിഴച്ചു. മുംബൈ ഇന്ത്യൻസിനാകട്ടെ കളിച്ച രണ്ടു ഫൈനലിലും ചാന്പ്യൻപട്ടവും. വനിതാ ടീമിന്റെ രോഹിത് ശർമ എന്ന വിശേഷണം സ്വന്തമാക്കി രണ്ടു തവണയും മുംബൈയെ കിരീടത്തിൽ എത്തിച്ചത് ഹർമൻപ്രീത് കൗർ.
എംഐ കേപ് ടൗണ്‍: 1/1
2023ൽ തുടക്കമിട്ട സൗത്ത് ആഫ്രിക്ക ട്വന്റി-20യിലും (എസ്എ20) മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി ടീമിനെ ഇറക്കി. എംഐ കേപ് ടൗണ്‍ എന്നായിരുന്നു പേര്. ആദ്യ രണ്ടു തവണയും (2023, 2024) ചാന്പ്യൻപട്ടം എംഐ കേപ് ടൗണിൽനിന്നകലയെയായിരുന്നു. എന്നാൽ, 2025 സീസണിൽ കന്നി ഫൈനൽ പ്രവേശം. കളിച്ച ഏക ഫൈനലിൽ കപ്പുമായി ആഘോഷിച്ചു. 2024 ചാന്പ്യന്മാരായ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെ ഫൈനലിൽ 76 റണ്‍സിനായിരുന്നു റാഷിദ് ഖാന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ എംഐ കേപ് ടൗണ്‍ കീഴടക്കിയത്.
എംഐ എമിറേറ്റ്സ്: 1/1
യുഎഇ കേന്ദ്രീകരിച്ച് ട്വന്റി-20 ലീഗ് ആരംഭിച്ചത് 2022ൽ. മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി അവിടെയും ഒടു ടീമിനെ ഇറക്കി, എംഐ എമിറേറ്റ്സ്. ആദ്യ എഡിഷൻ നടന്ന 2023ൽ മൂന്നാം സ്ഥാനത്തായിരുന്നു എംഐ എമിനേറ്റ്സ്. 2024 എഡിഷനിൽ ആദ്യമായി ഫൈനലിൽ പ്രവേശിച്ചു, കപ്പിലും മുത്തമിട്ടു. നിക്കോളാസ് പുരാന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ എംഐ എമിറേറ്റ്സ് ഫൈനലിൽ ദുബായ് ക്യാപ്പിറ്റൽസിനെ 45 റണ്‍സിനു കീഴടക്കിയായിരുന്നു കപ്പുയർത്തിയത്, കളിച്ച ഏക ഫൈനലിൽ ചാന്പ്യൻപട്ടം.
എംഐ ന്യൂയോർക്ക്: 1/1
2023ലാണ് അമേരിക്കയിൽ മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി) ട്വന്റി-20 അരങ്ങേറിയത്. എംഐ ന്യൂയോർക്ക് എന്ന പേരിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി അവിടെയും തങ്ങളുടെ സാന്നിധ്യമറിയിച്ചു. കന്നി സീസണിൽതന്നെ ഫൈനലിലെത്തുകയും കപ്പുയർത്തുകയും ചെയ്തു. സിയാറ്റിൽ ഓർക്കാസിനെ ഫൈനലിൽ ഏഴു വിക്കറ്റിനു കീഴടക്കിയായിരുന്നു കപ്പുയർത്തിയത്. നിക്കോളാസ് പുരാന്റെ ക്യാപ്റ്റൻസിയിലായിരുന്നു എംഐ ന്യൂയോർക്ക് കന്നി ഫൈനൽ കളിച്ചതും കപ്പുയർത്തിയതും.
2025 സീസണ് ഐപിഎല്ലിൽ വേൾഡ് വൈഡ് ഇന്ത്യൻസിന്റെ മാതൃടീമിന് ആറാം കിരീടത്തിലെത്താൻ സാധിക്കുമോ...? ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ ആദ്യ ഐപിഎൽ ട്രോഫി മുംബൈ ഇന്ത്യൻസ് നേടുന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്...
ചെന്നൈ സൂപ്പറാ...
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ആരാധകരിലും കപ്പിലും മുൻപന്തിയിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ് 2025 സീസണും സൂപ്പറാക്കാൻ ഒരുങ്ങുന്നു. എം.എസ്. ധോണിയുടെ സാന്നിധ്യത്തിൽ ഋതുരാജ് ഗെയ്ക്വാദ് നായകനാകുന്ന സിഎസ്കെയുടെ രണ്ടാം സീസണ് ആണ് 2025. ആരാധകരോടുള്ള സമീപനത്തിൽ ഐപിഎല്ലിലെ ഏതൊരു ടീമും ചെന്നൈ സൂപ്പർ കിംഗ്സിനെ കണ്ടുപഠിക്കേണ്ടതാണ്. കാരണം, തുടർച്ചയായ രണ്ടാം സീസണിലും ആരാധകർക്കു ചെന്നൈയിൽ ബസ് യാത്ര സൗജന്യമാക്കുകയാണ് സൂപ്പർ കിംഗ്സ് ഫ്രാഞ്ചൈസി.

മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ചെന്നൈ ലിമിറ്റഡിന്റെ (എംടിസി) ബസുകളിലാണ് സിഎസ്കെ ആരാധകർക്കു സൗജന്യ യാത്ര ഒരുങ്ങുന്നത്. സിഎസ്കെയുടെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റുള്ള ആരാധകർക്കാണ് എംടിസിയിൽ സൗജന്യ യാത്ര. ഹോം മത്സരത്തിനു മൂന്നു മണിക്കൂർ മുന്‍പു മുതൽ ഈ സൗകര്യം ലഭ്യമാണെന്ന് സിഎസ്കെ അധികൃതർ അറിയിച്ചു. സിഎസ്കെയുടെ ഹോം മത്സരത്തിനുള്ള ടിക്കറ്റ് ബസ് യാത്രയ്ക്കും ഉപകരിക്കുമെന്നു ചുരുക്കം. 2024 ഐപിഎൽ സീസണിലാണ് സിഎസ്കെ ആരാധകർക്കായി ഫ്രീ ബസ് സർവീസ് ആരംഭിച്ചത്. അന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓരോ ഹോം മത്സരത്തിലും ശരാശരി 8,000 ആരാധകർ ഈ സൗകര്യം പ്രയോജനപ്പെടുത്തി എന്നാണ് കണക്കുകൾ.
ഹോം ഗ്രൗണ്ടായ ചെന്നൈ ചെപ്പോക്കിൽ മാർച്ച് 23നു മുംബൈ ഇന്ത്യൻസുമായാണ് സിഎസ്കെയുടെ 2025 സീസണിലെ ഉദ്ഘാടന മത്സരം.