എംബപ്പെ റയൽ
Monday, March 17, 2025 2:00 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനു ജയം. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ റയൽ മാഡ്രിഡ് 2-1നു വിയ്യാറയലിനെ കീഴടക്കി. എവേ പോരാട്ടത്തിൽ 17, 23 മിനിറ്റുകളിലായിരുന്നു എംബപ്പെ റയലിനായി വലകുലുക്കിയത്.
തളർന്നവശരായി
യുവേഫ ചാന്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ 120 മിനിറ്റും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനു ശേഷമാണ് റയൽ മാഡ്രിഡ് താരങ്ങൾ വിയ്യാറയലിനെതിരേ ഇറങ്ങിയത്. വിയ്യാറയലിനെതിരേ മുഴുവൻ സമയവും കളത്തിലുണ്ടായിരുന്ന കിലിയൻ എംബപ്പെയും ജൂഡ് ബെല്ലിങ്ഗവുമടക്കമുള്ള റയലിന്റെ സൂപ്പർ താരങ്ങൾ മൈതാനത്തു തളർന്നിരിക്കുന്നതും കാൽപ്പന്തുലോകത്തിനു കാണേണ്ടിവന്നു.
ജയത്തോടെ റയൽ മാഡ്രിഡ് ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി, 28 മത്സരങ്ങളിൽ 60 പോയിന്റ്. 26 മത്സരങ്ങളിൽനിന്ന് 57 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.