കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലിൽ
Saturday, February 22, 2025 12:15 AM IST
അഹമ്മദാബാദ്: പുതുചരിത്രമെഴുതി കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫിയിൽ ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. ഗുജറാത്തിനെതിരായ സെമിഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്.
26ന് ആരംഭിക്കുന്ന ഫൈനലിൽ നിലവിലെ ചാന്പ്യൻമാരായ മുംബൈയെ തകർത്തെത്തുന്ന വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ. കേരളത്തിനായി ഒന്നാം ഇന്നിംഗ്സിൽ പുറത്താകാതെ 177 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദിനാണ് കളിയിലെ താരം. സ്കോർ കേരളം: 457. 114/4. ഗുജറാത്ത്: 455.
സമാന പോരാട്ടം
ക്വാർട്ടർ ഫൈനലിൽ ജമ്മുകാഷ്മീരിനെ ഒരു റണ്ണിനു മറികടന്ന് സെമിയിലെത്തിയതിനു സമാനമായ പോരാട്ടത്തിലൂടെയാണ് കേരളം സെമിയിൽനിന്ന് ഫൈനലിൽ കടന്നത്. കേരളം ഉയർത്തിയ 457 എന്ന കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഗുജറാത്ത് ആദ്യ ഇന്നിംഗ്സിൽ 455 റണ്‍സിൽ എല്ലാവരും പുറത്തായി രണ്ട് റണ്‍സ് ലീഡ് വഴങ്ങി. രണ്ടാം ഇന്നിംഗ്സിൽ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 114 റണ്‍സ് എടുത്തു നില്‍ക്കേ ഇരു ക്യാപ്റ്റൻമാരും മത്സരം സമനിലയിൽ അവസാനിപ്പിച്ചതോടെ കേരളത്തിന്റെ ചരിത്രനിമിഷം പിറന്നു.
ഓരോ റണ്ണും വിലപ്പെട്ടത്!..
ക്രിക്കറ്റിൽ ഓരോ റണ്ണും എത്ര വിലപ്പെട്ടതാണെന്നു തെളിയിക്കുന്നതായിരുന്നു രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ മത്സരങ്ങൾ. ജമ്മുകാഷ്മീരിനെതിരേ ഒന്നാം ഇന്നിംഗ്സിലെ ഒരു റണ്‍ ലീഡിന്റെ ബലത്തിലാണ് ക്വാർട്ടർഫൈനലിൽനിന്ന് കേരളം സെമിയിലെത്തിയത്. ഗുജറാത്തിനെതിരേ സെമിയിൽ മത്സരം കൈവിട്ടെന്ന ഘട്ടത്തിൽനിന്ന് തിരിച്ചുപിടിച്ചാണ് രണ്ടു റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിലൂടെ ഫൈനലിൽ കടന്നത്.
കേരളം-ഗുജറാത്ത് സെമി ഫൈനലിന്റെ അഞ്ചാം ദിനം ട്വിസ്റ്റും നാടകീയ മുഹൂർത്തങ്ങളും നിറഞ്ഞതായിരുന്നു. ആദ്യ ഇന്നിംഗ്സിൽ കേരളം ഉയർത്തിയ 457 റണ്‍സ് പിന്തുടർന്ന ഗുജറാത്ത് 455 റണ്‍സിനു പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 114 റണ്‍സെടുത്തു. തുടർന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.
ട്വിസ്റ്റുകൾ നിറഞ്ഞ സെഷൻ!
ഏഴു വിക്കറ്റിന് 429 റണ്‍സ് എന്ന നിലയിൽ മൂന്നു വിക്കറ്റ് ശേഷിക്കേ 28 റണ്‍സ് നേടിയാൽ അവസാനദിനം ഗുജറാത്തിന് നിർണായക ലീഡ് നേടാം. സ്പിന്നർമാരായ ആദിത്യ സർവാതെയും ജലജ് സക്സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്.
വെല്ലുവിളിയുമായി നിന്ന ജയ്മീത് പട്ടേലിനെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം കേരളം നഷ്ടപ്പെടുത്തുന്നത് കാണേണ്ടിവന്നു. 160-ാം ഓവറിന്റെ അഞ്ചാം പന്തിൽ സർവാതെ കേരളത്തിന്റെ ഫൈനൽ മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ടിരുന്ന ജയ്മീത് പട്ടേൽ-സിദ്ധാർഥ് ദേശായി സഖ്യത്തെ വീഴ്ത്തി. പട്ടേലിനെ (79) വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദീൻ പിടികൂടി.
നാല് ഓവറിനുശേഷം സർവാതെ വീണ്ടും ആഞ്ഞടിച്ചു. ദേശായി (30) വിക്കറ്റിനു മുന്നിൽ കുരുങ്ങി. അപ്പോഴും ഗുജറാത്തിന് കേരളത്തിന്റെ സ്കോറിനൊപ്പമെത്താൻ 11 റണ്‍സ് കൂടി മാത്രം. പ്രതീക്ഷ കൈവിടാതെ ഇരുടീമും പൊരുതി.
ഹെൽമെറ്റ് രക്ഷിച്ചു...
175-ാം ഓവറിൽ അതീവ നാടകീയമായിട്ടാണ് ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. സർവാതെയെ ബൗണ്ടറി കടത്താൻ അർസാൻ നാഗ്വസ്വാല (പത്ത്) അടിച്ച പന്ത് ക്ലോസ് ഇൻ ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ ഇടിച്ച് ഉയർന്നുപൊങ്ങി സ്ലിപ്പിൽ നിന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിൽ. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഒൗട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റണ്‍സ് ലീഡ് സ്വന്തം. ഇതോടെ ഫൈനലും കേരളം ഉറപ്പിച്ചു.
രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് രോഹൻ എസ്. കുന്നുമ്മൽ (69 പന്തിൽ 32), സച്ചിൻ ബേബി (19 പന്തിൽ 10), അക്ഷയ് ചന്ദ്രൻ (ഒൻപത്), വരുണ്‍ നായനാർ (ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 90 പന്തിൽ 37 റണ്‍സെടുത്ത് ജലജ് സക്സേനയും 57 പന്തിൽ 14 റണ്‍സുമായി അഹമ്മദ് ഇമ്രാനും രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെനിന്നു. നിർണായകമായ ആദ്യ ഇന്നിംഗ്സിൽ ഗുജറാത്തിനെ വീഴ്ത്താൻ കേരളത്തിനായി ജലജ് സക്സേനയും ആദിത്യ സർവാതെയും നാലു വിക്കറ്റുകൾ വീതം നേടി. എം.ഡി. നിധീഷും ബേസിലും ഓരോ വിക്കറ്റും സ്വന്തമാക്കി.
സഹായിച്ചത് മാറിയ ഐസിസി നിയമം...
ഹെൽമെറ്റ് ക്യാച്ചുകൾ സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) അടുത്തിടെ വരുത്തിയ നിയമമാറ്റമാണ് കേരളത്തിന് നിർണായകമായ പത്താം വിക്കറ്റും ഫൈനല്‍ പ്രവേശനവും സാധ്യമാക്കിയത്.
74 വർഷത്തിനുശേഷം...
1951-52 സീസണിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറിയ ട്രാവൻകൂർ-കൊച്ചി ക്രിക്കറ്റ് ടീമെന്ന പേരിലാണ് രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. 1956 സംസ്ഥാനം രൂപീകൃതമായതോടെ 1957ൽ കേരളമെന്ന പേരിൽ രഞ്ജിയിൽ കളിച്ചുതുടങ്ങിയത്. 2018-19ൽ സെമിയിലെത്തിയതാണ് ഇതിനു മുന്‍പുള്ള നേട്ടം.

ഒന്നാം ഇന്നിംഗ്സിൽ പുറത്താകാതെ 177 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദിൻ നടത്തിയ വീരോചിത പോരാട്ടമാണ് കേരളത്തിന് രഞ്ജി ട്രോഫി ഫൈനൽ എന്ന സ്വപ്നം യാഥാർത്ഥ്യമായത്. പ്രീക്വാർട്ടറിൽ ജമ്മുകാശ്മീരിനെതിരേയും അസ്ഹറുദിൻ നിസാറിന് ഒപ്പം മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചിരുന്നു. ഗുജറാത്തിനെതിരായ മത്സരത്തിലെ താരവും അസ്ഹറുദിനാണ്.
7,000 പിന്നിട്ട് സക്സേന

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെ മറികടന്ന് ഫൈനൽ പ്രവേശനം നേടിയ കേരള ടീമിൽ നിർണായക പ്രകടനം കാഴചവച്ച ജലജ് സക്സേന നിരവധി റിക്കാർഡുകളും സ്വന്തം പേരിൽ കുറിച്ചു.
38കാരനായ സക്സേന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 7,000 റണ്‍സും 478 വിക്കറ്റുകളും സ്വന്തമാക്കി. 34 പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടവും താരം കൊയ്തു. ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ കേരള താരമെന്ന റിക്കാർഡ് സക്സേനയ്ക്കു സ്വന്തമെങ്കിലും രണ്ട് പതിറ്റാണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിറഞ്ഞുനിന്നിട്ടും അദേഹത്തിന് ദേശീയ ടീമിൽ ഇടംപിടിക്കാൻ സാധിച്ചില്ല.
വിദർഭ ഫൈനലിൽ
നിലവിലെ ചാന്പ്യന്മാരായ മുംബൈയെ 80 റണ്‍സിനു തോൽപ്പിച്ച് വിദർഭ ഫൈനലിൽ പ്രവേശിച്ചു. ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ മുംബൈയ്ക്കെതിരേ വിദർഭ 406 റണ്‍സിന്റെ വിജയലക്ഷ്യമാണ് കുറിച്ചത്. നാലാം ദിവസം മൂന്നു വിക്കറ്റിന് 83 എന്ന നിലയിലായിരുന്നു മുംബൈ. അവസാന ദിനം മധ്യനിരയും വാലറ്റവും പൊരുതിയെങ്കിലും തോൽവിയിൽനിന്നു രക്ഷിക്കാനായില്ല. മുംബൈ 325 റണ്‍സിന് എല്ലാവരും പുറത്തായി. സ്കോർ: വിദർഭ 383 & 292. മുംബൈ 270 & 325.