രഞ്ജിയിൽ വൻ പരാജയമായി രോഹിത്, ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്
Thursday, January 23, 2025 11:10 PM IST
ബംഗളൂരു/മുംബൈ: രഞ്ജി ട്രോഫിയിലേക്കുള്ള നിർബന്ധിത മടങ്ങിവരവിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ വൻ ഫ്ളോപ്പ്.
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ ഇന്ത്യൻ താരങ്ങൾക്കു സാധിക്കാത്ത പശ്ചാത്തലത്തിൽ ബിസിസിഐ സെൻട്രൽ കോണ്ട്രാക്റ്റ് കളിക്കാർക്ക് ആഭ്യന്തര മത്സരങ്ങൾ നിർബന്ധമാക്കി.
അതോടെ നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം മുംബൈയുടെ രഞ്ജി ടീമിലേക്ക് രോഹിത് ശർമയും എട്ടു വർഷത്തിനുശേഷം ഡൽഹി ടീമിലേക്ക് ഋഷഭ് പന്തുമെല്ലാം തിരിച്ചെത്തി. എന്നാൽ, ഇന്നലെ ആരംഭിച്ച ആറാം റൗണ്ട് രഞ്ജി മത്സരങ്ങളിൽ സൂപ്പർ ബാറ്റർമാർ നിരാശപ്പെടുത്തി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്രയുടെ രവീന്ദ്ര ജഡേജമാത്രമാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത്.
രോഹിത് 3, ജയ്സ്വാൾ 4
ഇന്ത്യൻ ഓപ്പണിംഗ് സഖ്യമായ രോഹിത് ശർമയും യശസ്വി ജയ്സ്വാളും മുംബൈക്കുവേണ്ടി ഇറങ്ങിയ മത്സരമായിരുന്നു ജമ്മു കാഷ്മീരിന് എതിരായത്. 19 പന്ത് നേരിട്ട രോഹിത് മൂന്നു റണ്‍സുമായി പുറത്ത്. എട്ടു പന്തിൽ നാലു റണ്‍സായിരുന്നു ജയ്സ്വാളിന്റെ സന്പാദ്യം. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (12), ചാന്പ്യൻസ് ലീഗ് ടീമിൽ ഇടംനേടിയ ശ്രേയസ് അയ്യർ (11) എന്നിവരും മുംബൈ ഇന്നിംഗ്സിൽ നിരാശപ്പെടുത്തി.
ഷാർദുൾ ഠാക്കൂറിന്റെ (51) അർധസെഞ്ചുറിയുടെ ബലത്തിൽ 120 റണ്‍സുമായി മുംബൈ ഒന്നാം ഇന്നിംഗ്സിൽ പുറത്ത്.
പന്ത് 1, ജഡേജ 5/66
2017നുശേഷം ഡൽഹി ടീമിലേക്കു തിരിച്ചെത്തിയ ഋഷഭ് പന്തിനും ചലനമുണ്ടാക്കാൻ സാധിച്ചില്ല. സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ 10 പന്തിൽ ഒരു റണ്ണുമായി പന്ത് മടങ്ങി. ക്യാപ്റ്റൻ ആയുഷ് ബഡോണി (60) നേടിയ അർധസെഞ്ചുറിയുടെ കരുത്തിൽ 188 റണ്‍സിൽ ഡൽഹിയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. സൗരാഷ്ട്രയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ 17.4 ഓവറിൽ 66 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. സൗരാഷ്ട്രയ്ക്കു വേണ്ടി 200 വിക്കറ്റും ജഡേജ തികച്ചു.
ശുഭ്മാൻ ഗിൽ 1
കർണാടകയ്ക്കെതിരേ പഞ്ചാബിനെ നയിക്കാനെത്തിയത് ശുഭ്മാൻ ഗിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യ ക്രീസിലെത്തിയ പഞ്ചാബിനുവേണ്ടി ഓപ്പണിംഗിനിറങ്ങിയ ഗില്ലിനു നേടാനായത് എട്ടു പന്തിൽ നാലു റണ്‍സ്. 16 റണ്‍സ് നേടിയ രമൻദീപ് സിംഗ് ആയിരുന്നു പഞ്ചാബ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. 29 ഓവറിൽ 55 റണ്‍സിന് പഞ്ചാബിനെ കർണാകട പുറത്താക്കി.
അവസാനിക്കാത്ത ആശങ്ക
ഇന്ത്യയുടെ സൂപ്പർ താരങ്ങൾ ഫോം കണ്ടെത്താത്തതാണ് ആഭ്യന്തര മത്സരങ്ങൾ നിർബന്ധമാക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്.
ഐസിസി 2025 ചാന്പ്യൻസ് ട്രോഫി അരികെ എത്തിനിൽക്കുന്പോൾ ഇന്റർനാഷണൽ താരങ്ങൾക്ക് ആഭ്യന്തര ക്രിക്കറ്റിലും റണ്‍സ് നേടാൻ സാധിക്കാത്തത് ബിസിസിഐയെയും ആരാധകരെയും ഒന്നുപോലെ ആശങ്കയിലാക്കുന്നു.