കേരളത്തിന് 550 അംഗ സംഘം ; പി.എസ്. ജീന നയിക്കും
Thursday, January 23, 2025 11:10 PM IST
തിരുവനന്തപുരം: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് 550 അംഗ സംഘം. ഇതിൽ 437 കായിക താരങ്ങളും 113 ഒഫീഷൽസുമാണുള്ളത്.
29 കായിക ഇനങ്ങളിലാണ് കേരളം മാറ്റുരയ്ക്കുക. 52 കായിക താരങ്ങളും13 ഒഫീഷൽസുമടങ്ങുന്ന അത്ലറ്റിക്സ് സംഘമാണ് അംഗ ബലത്തിൽ ഒന്നാമത്. അക്വാട്ടിക്സിൽ 43 താരങ്ങളും എട്ട് ഒഫീഷൽസും അണിനിരക്കും. ഉദ്ഘാടച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ കേരള സംഘത്തിന്റെ പതാകയേന്തുന്നത് അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ താരം പി.എസ്. ജീനയാണ്.
മുൻ അന്താരാഷ്ട്ര നീന്തൽ താരവും ഒളിന്പ്യനും അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവ്യറാണ് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ചെഫ് ഡി മിഷൻ.
സുഭാഷ് ജോർജ്, വിജു വർമ്മ, ആർ. പ്രസന്നകുമാർ എന്നിവർ ഡെപ്യൂട്ടി ചെഫ് ഡി മിഷൻസാണ്. ഗെയിംസിൽ മത്സരിക്കാനുള്ള കേരളത്തിന്റെ താരങ്ങളുടെ രജിസ്ട്രേഷൻ കേരള ഒളിന്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ യാത്ര, പരിശീലന ക്യാന്പ്, സ്പോർട്സ് കിറ്റ് തുടങ്ങിയ ചെലവുകൾ വഹിക്കുന്നത് സംസ്ഥാന കായിക വകുപ്പാണ്. കേരള ടീമംഗങ്ങൾക്ക് കേരള ഒളിന്പിക് അസോസിയേഷന്റെ വകയായി പ്രത്യേക ജഴ്സിയും നൽകിയിട്ടുണ്ട്.
ജനുവരി 26 മുതൽ കേരള ഒളിന്പിക് അസോസിയേഷന്റെ ഓഫീസ് ഉത്തരാഖണ്ഡിൽ പ്രവർത്തനം ആരംഭിക്കും.
കഴിഞ്ഞ ദേശീയ ഗെയിംസിൽ 36 സ്വർണവും 24 വെള്ളിയും 27 വെങ്കലങ്ങളുമടക്കം 87 മെഡലുകളുമായി കേരളം അഞ്ചാം സ്ഥാനത്തായിരുന്നു.