വള്ളപ്പാടകലെയാക്കണം വെല്ലുവിളികളെ...
Thursday, January 23, 2025 11:10 PM IST
അനിൽ തോമസ്
കൊച്ചി: ഗോവ നാഷണൽ ഗെയിംസിൽ രണ്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടി കേരളത്തിന്റെ മെഡൽ നേട്ടത്തിൽ നിർണായക സംഭാവന നൽകിയ കയാക്കിംഗ് ഇനത്തിൽ ഇത്തവണ നേരിടുന്നത് കടുത്ത വെല്ലുവിളി.
മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഒട്ടേറെ താരങ്ങൾ മികച്ച അവസരങ്ങൾ തേടി സർവീസസിലേക്കു പോയതാണ് കേരളത്തിനു തിരിച്ചടിയായത്. എങ്കിലും നിലവിലുള്ള താരങ്ങളിൽ വലിയ പ്രതീക്ഷ ടീം മാനേജ്മെന്റിനുണ്ട്.
മികച്ച പരിശീലനത്തിലൂടെ മുൻവർഷത്തെ മെഡൽ നേട്ടം ആവർത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ജേക്കബ് ജോർജിന്റെയും കെ.ആർ. സോനയുടെയും നേതൃത്വത്തിൽ ഇറങ്ങുന്ന കേരള കനോയിംഗ് ആൻഡ് കയാക്കിംഗ് ടീം.
ഏഴു വനിതകളും ആറു പുരുഷന്മാരും ഉൾപ്പെടെ 13 താരങ്ങളാണ് ടീമിലുള്ളത്. ഗോൾഡ് മെഡലിസ്റ്റുകളായ ട്രീസ ജേക്കബ്, അലീന ബിജുവിനും പുറമേ അന്ന എലിസബത്ത്, ആൻഡ്രിയ പൗലോസ് എന്നിവർ കയാക്കിംഗ് ഇനത്തിലും ജി. നന്ദന, ആൻ പ്രിയ, റിയ എന്നിവർ കനോയിംഗിലും മത്സരിക്കും.
ചേർത്തല സ്വദേശിയായ ട്രീസ ജേക്കബ് വിജിലൻസ് ഉദ്യോഗസ്ഥ കൂടിയാണ്. ട്രീസ കെ വണ്ണിലും കെ ഫോറിലും മത്സരിക്കുന്നുണ്ട്. മറ്റുള്ളവർ കെ ഫോറിൽ മാത്രമാണ് മാറ്റുരയ്ക്കുന്നത്. കനോയിംഗ് ഇനത്തിൽ ആൻ പ്രിയ സി വണ്ണിലും റിയ, നന്ദന എന്നിവർ സി ടുവിലും മത്സരിക്കും.
പുരുഷ വിഭാഗത്തിൽ മണിപ്പുർ സ്വദേശിയായ കൊൻജെങ്ബാം രോഹിത് സിംഗാണ് ശ്രദ്ധേയ താരം. അലൻ ജെറി, കെ.എസ്. അരുണ്, ബി. അക്ഷയ്, അനന്ദകൃഷ്ണൻ, അരവിന്ദ് വചസ്പതി എന്നിവരും കെ ഫോർ വിഭാഗത്തിൽ മത്സരിക്കും. എസ്. സജികുമാർ, അനന്ദു ചിത്രൻ, പി. ജോഷിമോൻ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം.
മാനേജർമാരായ ജേക്കബ് ജോർജ്, കെ.ആർ. സോന എന്നിവർക്കു പുറമേ എ.പി. ഫാഹിസ് (ഫിസിയോതെറാപ്പിസ്റ്റ്), പി.ജെ. ജയകൃഷ്ണൻ (മസാജ് തെറാപ്പിസ്റ്റ്) എന്നിവരും കേരള സംഘത്തിലുണ്ട്.
ഫെബ്രുവരി 11, 12, 13 തീയതികളിലായി തെഹ്രി വാട്ടർ സ്പോർട്സ് കോംപ്ലക്സിലാണ് കയാക്കിംഗ് മത്സരം. എട്ടിനു ടീം പുറപ്പെടും. ദേശീയ ഗെയിംസിനുള്ള കേരള കയാക്കിംഗ് താരങ്ങൾ ടീം മാനേജ്മെന്റിനൊപ്പം.