കേരള സ്കൂൾ കായികമേള: സർവാധിപത്യം
തോമസ് വർഗീസ്
Monday, November 11, 2024 3:27 AM IST
കൊച്ചി: കേരള സ്കൂൾ കായികമേളയുടെ കിരീടപോരാട്ട ഫലം നിര്‍ണയിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേ, ട്രാക്കിലും ഫീല്‍ഡിലും മലപ്പുറത്തിന്റെ ആധിപത്യം.
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ നാലു ദിവസത്തെ മത്സരം പൂര്‍ത്തിയായപ്പോള്‍ 19 സ്വര്‍ണവും 23 വെള്ളിയും 20 വെങ്കലവും സ്വന്തമാക്കി 192 പോയിന്റോടെ മലപ്പുറം ഒന്നാമത്. 20 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവുമായി 169 പോയിന്റുമായി പാലക്കാടാണ് തൊട്ടു പിന്നിൽ. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് ആറു സ്വര്‍ണം, അഞ്ചു വെള്ളി ഏഴു വെങ്കലം എന്നിവ ഉള്‍പ്പെടെ 60 പോയിന്റ് നേടിയിട്ടുണ്ട്.
സ്കൂളിൽ ഐഡിയൽ
മികച്ച സ്കൂളുകളുടെ പട്ടികയില്‍ ഒന്നാമതുള്ള മലപ്പുറം കടകശേരി ഐഡിയലിന് ആറു സ്വര്‍ണം, 10 വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 66 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള കോതമംഗലം മാര്‍ ബേസിലിനു നാലു സ്വര്‍ണവും ആറു വെള്ളിയും ഉള്‍പ്പെടെ 38 പോയിന്റാണ്. മൂന്നാം സ്ഥാനത്തെത്തിയ കാസര്‍ഗോഡ് കുട്ടമത്ത് സര്‍ക്കാര്‍ സ്കൂളിന് അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 29 പോയിന്റുണ്ട്.
ഇന്നലെ നാലു റിക്കാർഡ്
ഇന്നലെ ട്രാക്കിലും ഫീല്‍ഡിലുമായി നാലു റിക്കാര്‍ഡ് പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും കാസര്‍ഗോഡിന്റെ കെ.സി. സര്‍വനും 1500 മീറ്ററില്‍ മലപ്പുറത്തിന്റെ എം.പി. മുഹമ്മദ് അമീനും ജൂണിയര്‍ ആണ്‍കുട്ടികളുടെ 4x100 റിലേയില്‍ ആലപ്പുഴയും റിക്കാര്‍ഡില്‍ ഇടംപിടിച്ചു. ഇതോടെ നാലു ദിവസത്തിനുള്ളില്‍ അത്ലറ്റിക്സില് ഒന്‍പത് റിക്കാര്‍ഡുകള്‍ കുറിക്കപ്പെട്ടു. മീറ്റിന്റെ അവസാന ദിവസമായ ഇന്നു 19 ഫൈനലുകള്‍ക്ക് മഹാരാജാസ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും.