സവാള വില കുതിക്കുന്നു
Saturday, November 9, 2024 11:18 PM IST
എസ്. റൊമേഷ്
കൊച്ചി: സവാളയ്ക്കു തൊട്ടാൽ പൊള്ളുന്ന വിലയായി. മൊത്തവിപണിയിൽ പലയിടത്തും വില 80 മുതൽ 90 രൂപ വരെയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന വിലയാണിത്. എന്നാൽ, ചെറിയ ഉള്ളിക്കു സവാളയേക്കാൾ വിലക്കുറവാണ്.
വലിപ്പവും ഗുണമേന്മയുമനുസരിച്ച് ചെറിയ ഉള്ളിക്ക് 65 രൂപ മുതൽ 80 രൂപ വരെയാണു ചില്ലറ വില്പന വില. ദീപാവലിയായതിനാൽ ഒരാഴ്ചയോളം പലയിടത്തും മാർക്കറ്റ് അടഞ്ഞുകിടന്നതാണ് വില ഇത്ര പെട്ടെന്ന് കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇത്തവണ ഉത്തരേന്ത്യയിൽ പതിവിനു വിപരീതമായി കനത്ത മഴയാണ് ഉണ്ടായത്. ഇതുമൂലം ഉത്പാദനം കുറവുമാണ്.
സവാള ഉത്പാദനം ഏറ്റവും കൂടുതൽ നടക്കുന്ന മഹാരാഷ്ട്രയിലെ നാസിക്കിൽ ഇപ്പോൾ ഒന്നാംതരം സവാളയ്ക്ക് 54 രൂപ വിലയുണ്ട്. ട്രാൻസ്പോർട്ടേഷനും മൊത്തക്കച്ചവടക്കാരുടെ ലാഭവും കൂടിയാകുന്പോൾ കേരളത്തിൽ മൊത്തവില 70-80 രൂപ വരെയാകും. 2019ൽ സവാള വില 120 രൂപ മറികടന്നിരുന്നു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു സമയത്ത് സവാളയ്ക്ക് 30 രൂപയിൽ താഴെയായിരുന്നു വില. തെരഞ്ഞെടുപ്പിൽ ഉള്ളിവില പ്രതിഫലിക്കുമെന്നതിനാൽ സവാളയ്ക്ക് കേന്ദ്രസർക്കാർ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതാണ് വില കുറയാൻ കാരണമായത്.
ഒരു മെട്രിക് ടണ്ണിന് 550 ഡോളർ ലഭിച്ചാലേ കയറ്റുമതി ചെയ്യാനാകൂ എന്നതായിരുന്നു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം. അതായത് ഇപ്പോഴത്തെ നിലയിൽ 46 രൂപയെങ്കിലും ലഭിച്ചെങ്കിലേ കയറ്റുമതി സാധ്യമായിരുന്നുള്ളൂ. ഇതോടെ കയറ്റുമതി പൂർണമായും ഇല്ലാതായി.
ഇതുമൂലമുണ്ടായ കർഷകരോഷം മൂലം മഹാരാഷ്ട്രയിലും മറ്റും ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. പ്രത്യേകിച്ച് നാസിക് മേഖലയിൽ. അതിനാൽ തെരഞ്ഞെടുപ്പു കഴിഞ്ഞ് സർക്കാർ സവാള കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇതും വില കുതിച്ചുയരാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.