ഫെഡ് റിസർവ് പലിശനിരക്ക് കുറച്ചു
Saturday, November 9, 2024 12:30 AM IST
വാഷിംഗ്ടണ്: പ്രതീക്ഷിച്ചതുപോലെ അമേരിക്കൻ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചു. പലിശനിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.50 മുതൽ 4.75 ശതമാനം വരെയുള്ള പരിധിയിൽ എത്തി. വിപണി പ്രതീക്ഷിച്ച പോലെ തന്നെയാണ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചത്.
രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത്. സെപ്റ്റംബറിൽ 50 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പലിശനിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രബാങ്ക് തുടക്കമിട്ടത്.
ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും കുറച്ചത്. തെരഞ്ഞെടുപ്പ് ഒരു വിധത്തിലും യുഎസ് ഫെഡറൽ റിസർവിന്റെ നയ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ചെയർമാൻ ജെറോം പവൽ പറഞ്ഞു.
തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നതാണ്, എന്നാൽ, കഴിഞ്ഞ മൂന്ന് മാസമായി ഇത് കുറഞ്ഞിട്ടുണ്ട്. ഒക്ടോബറിൽ 4.1 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ രണ്ട് വർഷമായി പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു.
“പണപ്പെരുപ്പം ഞങ്ങളുടെ രണ്ടു ശതമാനം എന്ന ദീർഘകാല ലക്ഷ്യത്തിലേക്ക് വളരെ അടുത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ കാതലായ പണപ്പെരുപ്പനിരക്ക് ഒരു പരിധിവരെ ഉയർന്ന നിലയിലാണ്.”- ജെറോം പവൽ പറഞ്ഞു.
കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ അമേരിക്കൻ ഓഹരി വിപണികളിൽ വലിയ കുതിപ്പാണുണ്ടായത്. നാസ്ഡാക്ക്, എസ് ആൻഡ് പി 500 സൂചികകൾ റിക്കാർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തതത്. എന്നാൽ ട്രഷറിയിൽ ആദായം ഇടിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നികുതി കുറയ്ക്കുമെന്നായിരുന്ന് ട്രംപിന്റെ വാഗ്ദാനം. ഇത് നടപ്പാക്കിയാൽ വീണ്ടും പണപ്പെരുപ്പനിരക്ക് ഉയരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കാരണം നികുതിയിളവ് നടപ്പാക്കുന്പോൾ വിപണിയിൽ പണലഭ്യത വർധിക്കും. ഇത് പണപ്പെരുപ്പനിരക്ക് ഉയരാൻ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധർ ആശങ്കപ്പെടുന്നത്.
രാജ്യത്തിന്റെ പ്രസിഡന്റായി ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ യുഎസ് പണ നയമാണിത്. എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം താരിഫ്, ചൈനീസ് ഉത്്പന്നങ്ങൾക്ക് ഉയർന്ന നികുതി തുടങ്ങിയ ട്രംപിന്റെ വാഗ്ദാനങ്ങളുടെ പശ്ചാത്തലത്തിൽ ഈ നയം പണപ്പെരുപ്പത്തിന് ഇടയാക്കിയേക്കുമെന്നാണ് സാന്പത്തിക വിദഗ്ധർ കരുതുന്നത്.