വിപണി ഇടിഞ്ഞു
Friday, November 8, 2024 12:32 AM IST
മുംബൈ: യുഎസ് പ്രസിഡന് ഷ്യൽ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് കുതിച്ച ഓഹരിവിപണി ഇന്നലെ താഴേക്കിറങ്ങി. തുടർച്ചയായ രണ്ടു ദിവസത്തെ മുന്നേറ്റത്തിനുശേഷമാണ് വിപണിയിൽ താഴ്ചയുണ്ടായത്.
മുഖ്യ സൂചികകൾ ഒരു ശതമാനത്തിലധികമാണ് താഴ്ന്നത്. നിഫ്റ്റി 284.70 പോയിന്റ് താഴ്ന്ന് 24199.35ലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സെൻസെക്സ് 836.34 പോയിന്റ് ഇടിഞ്ഞ് 79541.79ൽ വ്യാപാരം അവസാനിപ്പിച്ചു.
1733 ഓഹരികൾ മുന്നേറിയപ്പോൾ 2057 ഷെയറുകൾക്ക് ഇടിവുണ്ടായി. 93 ഓഹരികൾ മാറ്റമില്ലാതെ നിന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി, ബിഎസ്ഇ സ്മോൾക്യാപ്, ബിഎസ്ഇ മിഡ്ക്യാപ് എന്നിവടങ്ങളിലും താഴ്ച പ്രകടമായി.
സെൻസെക്സ് 80,563.42ലും നിഫ്റ്റി 24,489.60ലുമാണ് വ്യാപാരം ആരംഭിച്ചത്. സെഷനിൽ സെൻസെക്സ് 79,419.34 എന്ന താഴ്ന്ന നിലയിലെത്തിയതോടെ വിപണികൾ ഉടൻതന്നെ വിൽപ്പന സമ്മർദത്തിന് വഴങ്ങി.
ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതാണ് ഇന്ത്യൻ വിപണിക്കു തുണയായത്. ട്രംപ് തിരിച്ചുവരുന്നത് ഇന്ത്യക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയായിരുന്നു വിപണിയിൽ പ്രകടമായത്. എന്നാൽ, ഇന്നലെ വരാനിരിക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണ വായ്പനയവും കന്പനികളുടെ മോശം രണ്ടാംപാദ ഫലവുമാണ് വിപണിയെ സ്വാധീനിച്ചത്.
നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽസ് വൻ നേട്ടമുണ്ടാക്കി. രണ്ടാംപാദത്തിൽ അപ്പോളോ ഹോസ്പിറ്റൽസ് പ്രതീക്ഷയേക്കാൾ വരുമാനവും ലാഭവും ഉണ്ടാക്കിയതിനെത്തുടർന്ന് ഓഹരി 6.55 ശതമാനം ഉയർന്നു.
സെപ്റ്റംബർ പാദത്തിൽ കന്പനിയുടെ ഏകീകൃത അറ്റാദായം 59 ശതമാനം ഉയർന്ന് 395.70 കോടിയായി. കഴിഞ്ഞ വർഷം ഈ പാദത്തിൽ 248.80 കോടിയായിരുന്നു. വരുമാനം കഴിഞ്ഞ വർഷത്തെ 4846.9 കോടിയിൽനിന്ന് 5589.3 കോടിയിലെത്തി.
ഹിൻഡാൽകോയ്ക്കാണ് വിപണിയിൽ കൂടുതൽ ക്ഷീണമേറ്റത്. 8.49 ശതമാനമാണ് ഇന്നലെ ഇടിഞ്ഞത്. യുഎസ് ആസ്ഥാനമായുള്ള ഉപകന്പനി നൊവേലിസിന്റെ രണ്ടാപാദത്തിലെ വരുമാനം 18 ശതമാനം ഇടിഞ്ഞതാണ് തിരിച്ചടിയായത്.
നിഫ്റ്റി മെറ്റലിന് ഏറ്റവും മോശം ദിനമായിരുന്നു. 2.54 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഹിൻഡാൽകോ, അഡാനി എന്റർപ്രൈസസ് എന്നിവയുടെ ഇടിവ് വിപണിയെ തളർത്തി. നിഫ്റ്റി എനർജി, ഇൻഫ്ര, ഓട്ടോ, ഫാർമ, ഹെൽത്ത്കെയർ, റിയാലിറ്റി, ഐടി എല്ലാം തന്നെ ഒരു ശതമാനത്തിനു മുകളിലുള്ള താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ ഹിൻഡാൽകോ, ട്രെന്റ്, ശ്രീരാം ഫൈനാൻസ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇൻഡസ്ട്രീസ് എന്നീ കന്പനികൾക്കാണ് വലിയ നഷ്ടമുണ്ടാത്.
അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ്, എൽ ആൻഡ് ടി എന്നീ കന്പനികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.
അദാനി എനർജി സൊലൂഷൻസ് ഓഹരി പത്തു ശതമാനത്തിലധികം താഴ്ന്നു. മറ്റ് അദാനി ഗ്രൂപ്പ് ഓഹരികളും ഇന്നലെ നഷ്ടത്തിലായിരുന്നു.
വിദേശ വിപണികൾ
ട്രംപിന്റെ വിജയത്തിനു പിന്നാലെ രണ്ടാം ദിവസവും അമേരിക്കൻ വിപണികളായ ഡൗ ജോണ്സ്, എസ് ആൻഡ് പി 500, നാസ്ഡാക് ഓഹരി സൂചികകൾ രണ്ടു ശതമാനത്തോളം നേട്ടം കൈവരിച്ചു. എന്നാൽ യൂറോപ്പിൽ സമ്മിശ്രമായിരുന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ്, ഹോങ്കോംഗ്, തായ്വാൻ, തായ്ലൻഡ്, ഷാങ്ഹായ് വിപണികളും നേട്ടത്തിലെത്തി. കൊറിയൻ വിപണി താഴ്ന്നു.