സ്നാക്സിലും പിടിമുറുക്കാൻ റിലയൻസ്
Wednesday, November 6, 2024 1:22 AM IST
മുംബൈ: കന്പ കോള ഏറ്റെടുത്തതിനു പിന്നാലെ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് അടുത്ത വ്യവസായത്തിലും തന്ത്രപരമായ നീക്കവുമായെത്തുന്നു.
ലോകോത്തര ബ്രാൻഡുകൾക്ക് വെല്ലുവിളിയായിക്കൊണ്ട് കോള പാനീയങ്ങൾക്ക് വില കുറച്ചു വിപണിയിലെത്തിക്കുന്ന റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ്, സ്നാക്സ് വിപണിയിൽ പുതിയ ലക്ഷ്യവുമായെത്തുകയാണ്.
വിതരണക്കാരെ ആകർഷിക്കുന്നതിനും വിപണിവിഹിതം വിപുലീകരിക്കുന്നതിനുമായി ചിപ്സ്, നംകീൻ, ബിസ്കറ്റ് ബ്രാൻഡുകളുടെ വ്യാപാര മാർജിനുകൾ വർധിപ്പിക്കാനും കന്പനി ലക്ഷ്യമിടുന്നു.
ചിപ്സിലും സ്നാക്സ് വിപണിയിലും കന്പനിക്ക് അലൻ ബ്യൂഗിൾസ്, സ്നാക്ടാക് ബ്രാൻഡുകൾ ഉണ്ട്, ബിസ്കറ്റ് ബ്രാൻഡിന് ഇൻഡിപെൻഡൻസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. വിതരണക്കാർക്ക് 8 ശതമാനം മാർജിൻ, രണ്ട് ശതമാനം പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവുകളും കന്പനി വാഗ്ദാനം ചെയ്യുന്നു.
വിതരണക്കാർക്ക് മറ്റ് ബ്രാൻഡുകൾ 6 മുതൽ 6.5 ശതമാനം മാർജിനാണ് നൽകുന്നത്. മറ്റ് കന്പനികൾ 8 മുതൽ 15 ശതമാനം വരെ മാർജിൻ നൽകുന്പോൾ അംബാനിയുടെ കന്പനി ചില്ലറ വ്യാപാരികൾക്ക് 20 ശതമാനം മാർജിൻ നൽകുന്നുവെന്ന് റിപ്പോർട്ടുണ്ട്.
പെപ്സികോയും ബ്രിട്ടാനിയയും ഹൽദിറാമും മറ്റ് പ്രാദേശിക ബ്രാൻഡുകളും രാജ്യത്തെ ലഘുഭക്ഷണ വിപണിയിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. 2023-ൽ ഇന്ത്യയുടെ ലഘുഭക്ഷണ വിപണിയുടെ മൂല്യം 42,694.9 കോടി രൂപയായിരുന്നു, ഇത് 2032-ഓടെ 95000 കോടി രൂപകടക്കുമെന്നാണ് കരുതുന്നത്. പ്രതിവർഷം ഒന്‍പത് ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
റിലയൻസ് കണ്‍സ്യൂമർ 2022ലാണ് എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ്) വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മേയിൽ, അമേരിക്കൻ കന്പനിയായ ജനറൽ മിൽസിന്റെ ബ്രാൻഡായ അലൻസ് ബ്യൂഗിൾസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും കന്പനി പ്രഖ്യാപിച്ചിരുന്നു.
റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ആർസിപിഎൽ) എഫ്എംസിജി വിഭാഗവും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ (ആർആർവിഎൽ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും എഫ്എംസിജി വിഭാഗത്തിൽ ഏതാനും സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ശീതളപാനീയ വിപണിയിൽ റിലയൻസ് തങ്ങളുടെ ബ്രാൻഡായ കന്പ കോള ഉത്്പന്നങ്ങൾ മറ്റ് കന്പനികളെ അപേക്ഷിച്ച് വില കുറച്ചാണ് വിൽക്കുന്നത്. ഇതോടെ വിപണിയിൽ കൊക്കകോളയും പെപ്സികോയും വലിയ വെല്ലുവിളിയാണ് നേരിടുകയാണ്.