വിപണിയിൽ വൻ ഇടിവ്
Monday, November 4, 2024 10:58 PM IST
മുംബൈ: ഓഹരിവിപണിയിൽ ഇന്നലെ കനത്ത ഇടിവ്. ബിഎസ്ഇ സെൻസെക്സ് 942 പോയിന്റ് ഇടിഞ്ഞ് കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നിഫ്റ്റി ഒരു ശതമാനം ഇടിഞ്ഞ് 24000ൽ താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡ്സ്ട്രീസിന്റെയും ബാങ്കിംഗ് ഓഹരികളുടെയും വിൽപ്പനയാണ് പ്രധാനമായും ഇടിവിനു കാരണം.
സെൻസെക്സ് 941.88 പോയിന്റ് താഴ്ന്ന് 78,782.24 പോയിന്റിൽ ക്ലോസ് ചെയ്തു. ഓഗസ്റ്റ് ആറിനുശേഷമുള്ള കുറഞ്ഞ പോയിന്റിലാണെത്തിയിരിക്കുന്നത്. വ്യാപാരത്തിനിടെ സെൻസെക്സ് 1491.52 പോയിന്റിന്റെ ഇടിഞ്ഞ് 78,232.60 വരെയെത്തിയതാണ്. എൻഎസ്ഇ നിഫ്റ്റി 309.0 പോയിന്റ് താഴ്ന്ന് 23995.35 ലെത്തി.
സെൻസെക്സിൽ അദാനി പോർട്സ്, റിലയൻസ് ഇൻസ്ട്രീസ്, സണ് ഫാർമ, ബജാജ് ഫിൻസെർവ്, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടൈറ്റാൻ എന്നീ കന്പനികൾക്കാണ് വലിയ നഷ്ടമുണ്ടായത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ഇൻഡ്സ്ഇൻഡ് ബാങ്ക് എന്നിവർ നേട്ടമുണ്ടാക്കി.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന അനിശ്ചിതത്വവും വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ നയ പ്രഖ്യാപനവും കന്പനികളുടെ മോശം രണ്ടാം പാദ ഫലങ്ങളും ഓയിൽ വിലയിലുണ്ടായ വർധനവുമാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തത്തിലുള്ള കന്പനികളുടെ വിപണി മൂലധനം മുൻ സെഷനിലെ 448 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 442 ലക്ഷം കോടി രൂപയായി കുറഞ്ഞു, ഇത് നിക്ഷേപകർക്ക് ഒരൊറ്റ സെഷനിൽ ഏകദേശം 6 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കി.
രൂപയും തകർന്നു
ന്യൂഡൽഹി: രൂപയുടെ മൂല്യം വീണ്ടും സർവകാല റിക്കാർഡ് താഴ്ചയിൽ. വ്യാപാരത്തിനിടെ ഡോളറിനെതിരേ രൂപയുടെ മൂല്യം 84.1150 എന്ന റിക്കാർഡ് തലത്തിലേക്കാണ് ഇന്നലെ താഴ്ന്നത്.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ റിക്കാർഡ് താഴ്ചയായ 84.09 ആണ് ഇന്നലെ തിരുത്തിയത്. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആര് ജയിക്കുമെന്ന അനിശ്ചിതത്വവും ചൈനീസ് വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമെന്നാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത്.