കൂപ്പുകുത്തി ക്രൂഡ് വില
എസ്. റൊമേഷ്
Monday, November 4, 2024 1:04 AM IST
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധഭീഷണി നിലനിന്നിട്ടും എണ്ണവില കുത്തനേ ഇടിയുന്നു. ഇറാൻ ഇസ്രായേലിനെതിരേ നടത്തിയ ആക്രമണത്തെത്തുടർന്ന് ഒക്ടോബർ ഏഴിന് ബ്രെന്റ് ക്രൂഡ് ബാരലിന്(159 ലിറ്റർ) 81 ഡോളറോളം എത്തിയ എണ്ണവില വീണ്ടും കുത്തനേ ഇടിഞ്ഞ് ഒക്ടോബർ 28ന് 71.12 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇന്നലെ വില 73.10 ഡോളറാണ്. ഇനിയും വില ഇടിയാനാണു സാധ്യതയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വില കുത്തനേ ഇടിഞ്ഞിട്ടും ഇന്ത്യക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വില കുറയ്ക്കാൻ സർക്കാർ തയാറാകാത്തതാണു കാരണം. സംസ്ഥാനസർക്കാരിനും വില കുറയ്ക്കാൻ താത്പര്യമില്ല. കോടികളാണ് എണ്ണയിൽനിന്നും നികുതിയായി കേന്ദ്ര-സംസ്ഥാനങ്ങൾക്കു ദിവസേന ലഭിക്കുന്നത്. വില കുറച്ചാൽ സംസ്ഥാനങ്ങളുടെ വരുമാനത്തിലും വൻ കുറവുണ്ടാകും.
സാന്പത്തിക മാന്ദ്യത്തിൽപ്പെട്ടുലയുന്ന ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഈടാക്കുന്നതിനേക്കാൾ വളരെ കൂടിയ വിലയാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. പാക്കിസ്ഥാനിൽ ഇന്നലത്തെ പെട്രോൾ വില 74.51 ഇന്ത്യൻ രൂപയാണ് (248.38 പാക്കിസ്ഥാനി രൂപ - ഒരു പാക്കിസ്ഥാനി രൂപയ്ക്ക് ഇന്നലത്തെ വിനിമയ നിരക്കു വച്ച് 30 പൈസയാണ് മൂല്യം).
സാന്പത്തിക മാന്ദ്യം മറികടക്കാൻ പാക് സർക്കാർ പലതവണ വില കൂട്ടിയതാണ് പെട്രോളിനും ഡീസലിനും ഇവിടെ ഇത്രയും വിലയാകാൻ കാരണം. ശ്രീലങ്കയിൽ നേരത്തെ കടുത്ത സാന്പത്തിക മാന്ദ്യം അനുഭവപ്പെട്ടിരുന്ന സമയത്ത് പെട്രോളിനും ഡീസലിനും തീവിലയായിരുന്നു. എന്നാൽ സാന്പത്തിക മേഖല അല്പം മെച്ചപ്പെട്ടതോടെ അവരും പെട്രോളിനും ഡീസലിനും വില കുറച്ചു. ശ്രീലങ്കയിൽ പെട്രോൾ ലിറ്ററിന് ഇപ്പോൾ 90 രൂപയാണ്. (311 ശ്രീലങ്കൻ രൂപ. ഒരു ശ്രീലങ്കൻ രൂപയ്ക്ക് 29 പൈസയാണ് മൂല്യം).
ചൈനയിലെ സ്റ്റീൽ വ്യവസായത്തിൽ കഴിഞ്ഞ ഒന്പതു മാസം കൊണ്ട് 34 ബില്യൺ യുവാന്റെ (4.76 ബില്യൺ ഡോളർ) നഷ്ടവും ഓയിൽ റിഫൈനറികളിൽനിന്ന് 32 ബില്യൺ യുവാന്റെ ( 4.5 ബില്യൺ ഡോളർ) നഷ്ടവുമാണ് കാണിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ചൈനയിലെ സാന്പത്തികനില ആകെ താറുമാറായി വരികയാണ്. മാന്ദ്യഭീതി നിലനിൽക്കുന്നതിനാൽ പ്രതീക്ഷിച്ചത്ര എണ്ണ ചൈന ഇപ്പോൾ വാങ്ങുന്നില്ല. യുദ്ധഭീഷണി നിലനിന്നിട്ടും എണ്ണവില ഇടിയാനുള്ള പ്രധാന കാരണം ഇതാണ്. എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്ന അമേരിക്കയിലും കാര്യങ്ങൾ അത്ര സുഖകരമല്ല എന്നാണു റിപ്പോർട്ടുകൾ. ഇതും എണ്ണവിപണിയെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.
അടുത്തിടെ പ്രസിദ്ധീകരിച്ച ഐസിആർഎ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിൽനിന്ന് 15 രൂപയും ഡീസലിൽനിന്ന് 12 രൂപയും ലാഭം നേടുന്നതായാണു കണക്കുകൾ. പെട്രോളിന്റെയും ഡീസലിന്റെയും വിലയ്ക്കൊപ്പം തന്നെ നികുതിയും ഈടാക്കിയതിനുശേഷമുള്ള ലാഭമാണിത്. ചുരുക്കിപ്പറഞ്ഞാൽ 45-50 രൂപ വില വരുന്ന പെട്രോളാണ് ഉപയോക്താക്കൾക്ക് 105 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നത്.
രാജ്യത്തു ജീവനക്കാർക്ക് ഏറ്റവുമധികം ശന്പളം നൽകുന്നതും അവരുടെ ക്ഷേമത്തിനായി ഏറ്റവുമധികം പണം ചെലവഴിക്കുന്നതും എണ്ണക്കന്പനികളാണ്. ജീവനക്കാരുടെ ഉല്ലാസത്തിനായി പോലും എണ്ണക്കന്പനികൾ കോടികളാണ് പൊടിക്കുന്നത്. ലാഭനിരക്ക് കുറച്ചു കാണിക്കുകയാണ് ലക്ഷ്യം. എന്നിട്ടും ഇവരുടെ ലാഭം ആയിരക്കണക്കിനു കോടിയായി പെരുകുകയാണ്. 70-80 ഡോളറിനുള്ളിൽ നിന്നാൽ എണ്ണവില കുറയ്ക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞതും പാഴ്വാക്കായി.