ജിഎസ്ടി വരുമാനം: കഴിഞ്ഞ മാസം 8.9% വർധന
Friday, November 1, 2024 10:52 PM IST
ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിൽ 8.9 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം. 2023 ഒക്ടോബറിൽ ലഭിച്ച വരുമാനം 1.72 ലക്ഷം കോടിയായിരുന്നു. എന്നാൽ, 2024 ഒക്ടോബറിൽ 1.87 ലക്ഷം കോടിയാണ് ജിഎസ്ടി വരുമാനം.
നടപ്പ് വർഷം ഏപ്രിൽ മുതൽ ഒക്ടോബർ അവസാനം വരെയുള്ള കണക്കുപ്രകാരം 12.74 ലക്ഷം കോടി ജിഎസ്ടി ഇതിനോടകം സമാഹരിച്ചുകഴിഞ്ഞു. എന്നാൽ, കഴിഞ്ഞ സാന്പത്തിക വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ 11.64 ലക്ഷം കോടിയായിരുന്നു ആകെ ലഭിച്ച ജിഎസ്ടി വരുമാനം. അതായത്, കഴിഞ്ഞ തവണത്തേക്കാൾ 9.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023-24 സാന്പത്തികവർഷത്തിൽ ആകെ ജിഎസ്ടി വരുമാനം 20.18 ലക്ഷം കോടിയായിരുന്നു. തൊട്ടുമുന്പത്തെ സാന്പത്തിക വർഷവുമായി താരതമ്യം ചെയ്യുന്പോൾ 11.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രതിമാസ ശരാശരി 1.68 ലക്ഷം (മുൻവർഷം 1.5 ലക്ഷം) കോടിയായിരുന്നു. ഇത്തവണയും റിക്കാർഡ് ജിഎസ്ടി വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
നടപ്പുവർഷം ഏപ്രിലിൽ ലഭിച്ച 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ സമാഹരണം. ഏറ്റവുമധികം ജിഎസ്ടി സമാഹരിക്കപ്പെട്ട സംസ്ഥാനം വാണിജ്യതലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയാണ് (30,030 കോടി രൂപ).
13,081 കോടി രൂപയുമായി കർണാടകയും 11,407 കോടി രൂപയുമായി ഗുജറാത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിടുന്നു. ഒരുകോടി രൂപ മാത്രം പിരിച്ചെടുത്ത ലക്ഷദ്വീപിന്റെ പങ്കാണ് ഏറ്റവും കുറവ്.
അതേസമയം, രാജ്യത്ത് ജിഎസ്ടി സമാഹരണ വളർച്ചാനിരക്കിൽ ഒക്ടോബറിൽ കേരളം രണ്ടാമതെത്തി. 20 ശതമാനമാണ് കേരളത്തിന്റെ വളർച്ച. 30% വർധന രേഖപ്പെടുത്തിയ ലഡാക്ക് ആണ് ഒന്നാമത്. വലിയ സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ചാൽ കേരളമാണ് വളർച്ചാനിരക്കിൽ മുന്നിൽ. 17% വളർച്ച രേഖപ്പെടുത്തിയ ഗുജറാത്താണ് ഈ വിഭാഗത്തിൽ തൊട്ടടുത്തുള്ളത്.