ഗാസ വെടിനിർത്തൽ ചർച്ചയിൽ പുരോഗതി
Tuesday, January 14, 2025 2:00 AM IST
ദോഹ: ഗാസ വെടിനിർത്തൽ ചർച്ചയിൽ വൻ പുരോഗതി. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്നലെ പുലർച്ചെവരെ നീണ്ട ഊർജിത ചർച്ചയിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും അന്തിമധാരണ രൂപംകൊണ്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മധ്യസ്ഥതയ്ക്കു നേതൃത്വം നൽകുന്ന ഖത്തർ അന്തിമധാരണയുടെ കരട് ഇസ്രയേലിനും ഹമാസിനും കൈമാറി.
ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ഉന്നത ഇസ്രേലി ഉദ്യോഗസ്ഥൻ പറഞ്ഞതായും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ പലതും പരിഹരിക്കപ്പെട്ടതായി പലസ്തീൻ വൃത്തങ്ങളും സൂചിപ്പിച്ചു.
അമേരിക്കയിൽ അധികാരത്തിലേറാൻ പോകുന്ന ഡോണൾഡ് ട്രംപിന്റെ നിയുക്ത പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, അമേരിക്കയിലെ ബൈഡൻ ഭരണകൂടത്തിന്റെ പ്രതിനിധികൾ, ഇസ്രയേലിലെ മൊസാദ്, ഷിൻ ബെത്ത് ചാരസംഘടനകളുടെ മേധാവിമാർ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി, ഈജിപ്ഷ്യൻ ചാരസംഘടനാ മേധാവി, ഹമാസ് പ്രതിനിധികൾ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.
ട്രംപ് അധികാരത്തിലേറുന്ന 20നു മുന്പായി ബന്ദിമോചനത്തിനു കരാറുണ്ടാക്കാനാണു ശ്രമം. അധികാരത്തിലേറുന്നതിനു മുന്പ് ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രേലിബന്ദികൾ മോചിതരായില്ലെങ്കിൽ നരകമായിരിക്കും അനുഭവിക്കേണ്ടിവരുകയെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ദോഹ ചർച്ചയിൽ സുപ്രധാന പങ്കു വഹിച്ചു. വെടിനിർത്തൽ ധാരണ അംഗീകരിക്കാൻ ഇസ്രയേലിനുമേൽ അദ്ദേഹം സമ്മർദം ചെലുത്തിയെന്നാണു റിപ്പോർട്ട്. ഹമാസിനുമേൽ ഖത്തർ പ്രധാനമന്ത്രിയും സമ്മർദം ചെലുത്തി.
സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ബൈഡൻ ഞായറാഴ്ച നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു.
ഗാസ വെടിനിർത്തലിന് അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി ശ്രമം നടക്കുന്നു. ഇസ്രയേൽ എന്നെന്നേക്കുമായി യുദ്ധം അവസാനിപ്പിച്ച് ഗാസയിൽനിന്നു പിന്മാറണമെന്നാണു ഹമാസിന്റെ ആവശ്യം. എന്നാൽ, ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.