മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൊതുവിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥയും ഹയർ സെക്കൻഡറി സ്കൂളുകൾ പരിമിതമാണെന്നതും പരിഗണിച്ച് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി.
നിലവിലുള്ള ഹയർ സെക്കൻഡറി സകൂളുകളിൽ വേണ്ടത്ര ബാച്ചുകൾ ഇല്ലെന്നുള്ളതും പരിഗണിച്ച് പൂഞ്ഞാർ നിയോജകമണ്ഡലം ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 20 ശതമാനം വർധിപ്പിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.