കണമല: ഫോറസ്റ്റ് ഓഫീസിനടുത്ത് വീടിനോട് ചേർന്ന് പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വലതു കൈയിൽ പെരുമ്പാമ്പിന്റെ കടിയേറ്റ് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക്. ഈ സമയം അതുവഴി വന്ന എരുമേലി പഞ്ചായത്തിന്റെ പാലിയേറ്റീവ് സംഘം പ്രഥമ ശുശ്രൂഷ നൽകി.
ഇന്നലെ രാവിലെ പത്തോടെ എയ്ഞ്ചൽവാലിയിൽ എഴുകുംമണ്ണ് ഫോറസ്റ്റ് ഓഫീസിനടുത്താണ് സംഭവം. ഫോറസ്റ്റ് ഓഫീസർ ജയകുമാറിനാണ് പരിക്കേറ്റത്. ഓഫീസറെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാമ്പിനെ പിടികൂടി ചാക്കിനുള്ളിലാക്കി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് കടിയേറ്റത്. പഞ്ചായത്തിന്റെ പാലിയേറ്റീവ് സംഘത്തിലെ മെറീന ജോർജ്, ഷിജോ ചെറുവാഴക്കുന്നേൽ, ആശാ പ്രവർത്തക സൂസമ്മ എന്നിവർ ചേർന്നാണ് പ്രഥമശുശ്രൂഷ നൽകിയത്.