കുവൈറ്റിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു ഇന്ത്യക്കാർ മരിച്ചു
Friday, April 25, 2025 12:08 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ദലി പ്രദേശത്ത് നടന്ന വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ അനുരാജൻ മണ്ണുങ്കൽ സദാശിവൻ നായരും(51) ഗോവൻ സ്വദേശിയുമാണ് മരിച്ചത്.
സെയ്യദ് ഹമീദ് ബഹ്ബഹാനി (എസ്എച്ച്ബിസി) കമ്പനിയിലെ ജീവനക്കാരാണ് ഇവർ. അപകടത്തിൽ ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു രണ്ടുപേർക്ക് പരിക്കേറ്റു.
അബ്ദലിയിലെ ജോലി കഴിഞ്ഞുവരുന്ന വഴിക്ക് ഇവർ സഞ്ചരിച്ചിരുന്ന പിക്ക്അപ്പ് വണ്ടിയിൽ യൂടേൺ എടുത്തുവന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം.
സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചു. എയർ ആംബുലൻസ് എത്തിയാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുരണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
എസ്എച്ച്ബിസിയിലെ സേഫ്റ്റി ട്രെയിനറായിരുന്നു അനുരാജൻ. ഭാര്യ നിഷ കുവൈറ്റിലുണ്ട്. മക്കൾ: പാർഥസാരഥി, ശിവഗംഗ, ആദിത്യൻ.