ഫ്ലോറിഡയിൽ ചെറുവിമാനം തകർന്ന് മൂന്നു മരണം
പി.പി. ചെറിയാൻ
Thursday, April 17, 2025 12:22 AM IST
ഫ്ലോറിഡ: ഫ്ലോറിഡയിലെ ബോക്ക റാറ്റണിലെ തിരക്കേറിയ തെരുവിൽ ചെറുവിമാനം ഇടിച്ചുകയറി മൂന്നു പേർ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരെ അധികൃതർ തിരിച്ചറിഞ്ഞു. ന്യൂയോർക്ക് നഗരത്തിലെ ഹഡ്സൺ നദിയിൽ വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്ന് അഞ്ചംഗ സ്പാനിഷ് കുടുംബവും പൈലറ്റും മരിച്ചതിന് പിന്നാലെയാണ് ഈ അപകടം.
ഏപ്രിൽ 11 രാവിലെ ബോക്ക റാറ്റൺ വിമാനത്താവളത്തിൽ നിന്ന് ടാലഹാസിയിലേക്ക് പോകുകയായിരുന്ന ആറ് സീറ്റുകളുള്ള സെസ്ന 310 ഇരട്ട എൻജിൻ വിമാനം പറന്നുയർന്ന ഉടനെ സാങ്കേതിക തകരാറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
ഏകദേശം എട്ട് മുതൽ 10 മിനിറ്റ് വരെ പറന്ന ശേഷം രാവിലെ 10.20ന് വിമാനത്താവളത്തിൽ നിന്ന് ഒരു മൈൽ അകലെ വിമാനം തകർന്ന് തീപിടിച്ചു. ഓവർപാസിന് സമീപമാണ് അപകടം സംഭവിച്ചത്
. 81 വയസുള്ള റോബർട്ട് സ്റ്റാർക്ക്, 54 വയസുള്ള സ്റ്റീഫൻ സ്റ്റാർക്ക്, 17 വയസുള്ള ബ്രൂക്ക് സ്റ്റാർക്ക് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.