ഡബിൾ സ്ട്രോംഗ്; ആരോഗ്യാവസ്ഥ വെളിപ്പെടുത്തി ട്രംപ്
Saturday, April 12, 2025 4:56 PM IST
വാഷിംഗ്ടൺ ഡിസി: താൻ വളരെ നല്ല ആരോഗ്യസ്ഥിതിയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയശേഷമുള്ള തന്റെ ആദ്യ വാർഷിക വൈദ്യപരിശോധനയ്ക്കുശേഷമാണ് എഴുപത്തിയെട്ടുകാരനായ ട്രംപിന്റെ പ്രതികരണം.
കാർഡിയോ, കോഗ്നിറ്റീവ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ തന്റെ ഡോക്ടർ ഉടൻ പുറത്തു വിടുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ 82 വയസുള്ളപ്പോഴായിരുന്നു സ്ഥാനം അലങ്കരിച്ചിരുന്നത്.
ബൈഡൻ ശാരീരികമായും മാനസികമായും യോഗ്യനല്ലെന്ന പരിഹാസം വ്യാപകമായി ഉയർന്നിരുന്നു. രണ്ടാം ടേം അവസാനിക്കുമ്പോൾ ട്രംപിനും 82 വയസാകും പ്രായം. പുകവലിയും മദ്യപാനവും ശീലമില്ലാത്തയാളാണു ട്രംപ്.
ഗോൾഫ് കളിയിൽ നല്ല പ്രാവീണ്യവുമുണ്ട്. എന്നാൽ ഫാസ്റ്റ് ഫുഡ് നന്നായി കഴിക്കും. സ്റ്റീക് ആണ് ഇഷ്ടഭക്ഷണം.