6000 കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിലാക്കി നാടുകടത്താൻ യുഎസ്
Saturday, April 12, 2025 4:34 PM IST
വാഷിംഗ്ടൺ: അമേരിക്കയിലെ ആറായിരത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും അമേരിക്കൻ ഭരണകൂടം അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കും. അവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. ഇവർക്കു മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാൻ പ്രോത്സാഹിപ്പിക്കുകയാണ് ഡോണൾഡ് ട്രംപിന്റെ സർക്കാർ ലക്ഷ്യമാക്കുന്നത്.
സിബിപി വൺ ആപ്പ് ഉപയോഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഒന്പത് ലക്ഷത്തോളം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് ഉപയോഗിച്ച് യുഎസിലേക്ക് എത്തിയത്.
ഇവരെ പുറത്താക്കുന്നതിന്റെ ഭാഗമായാണ് 6,000ഓളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി. ജോ ബൈഡൻ സർക്കാരിന്റെ കാലത്തെ പദ്ധതികൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിലേക്കു പ്രവേശിക്കാനും താത്കാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു.