ഫ്രണ്ട്സ് ഓഫ് ഡാളസ് ട്വന്റി-20 ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് തുടക്കമായി
ബാബു പി. സൈമൺ
Thursday, April 17, 2025 6:45 AM IST
ഡാളസ്: നാലാമത് ട്വന്റി- 20 ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് ഡാളസിൽ തുടക്കമായി. വൈകുന്നേരം നാലുമണിക്ക് ഗാർലൻഡ് സിറ്റി മേയർ സ്ഥാനാർഥി ഷിബു സാമുവൽ ആദ്യ മത്സരം ഉദ്ഘാടനം ചെയ്തു.
പകലും രാത്രിയുമായി നടന്ന ആവേശകരമായ മത്സരത്തിൽ ലയൺസ് ടീം വിജയിച്ചു. ഡാളസ് ലയൺസ് ടീമിന്റെ ക്യാപ്റ്റൻ ജോയൽ ഗിൽഗാൽ എട്ട് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടെ 80 റൺസ് നേടി പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ടോസ് നേടിയ ലയൺസ് ടീം ആദ്യം ബാറ്റ് ചെയ്ത് നാലു വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ടീമിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ
നാലാം സീസണിൽ ജോയൽ ഗിൽഗാൽ നയിക്കുന്ന ഡാലസ് ലയൺസ്, അജു മാത്യു നയിക്കുന്ന ഡാലസ് ബ്ലാസ്റ്റേഴ്സ്, മാത്യു (മാറ്റ്) സെബാസ്റ്റ്യൻ നയിക്കുന്ന ഡാളസ് വാരിയേഴ്സ്, അലൻ ജയിംസ് നയിക്കുന്ന ഡാളസ് ചാർജേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്.

ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ഗാർലൻഡ് സിറ്റിയിലെ ഓട്സ് ഡ്രൈവിലുള്ള ക്രിക്കറ്റ് മൈതാനത്താണ് നടക്കുന്നത്. പകലും രാത്രിയിലുമായി നടക്കുന്ന എല്ലാ മത്സരങ്ങളും സൗജന്യമായി കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഡാളസ് ഫോർട്ട് വർത്ത് മേഖലയിലെ വളർന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിന്റെ ശ്രമങ്ങളെ ഷിബു സാമുവൽ അഭിനന്ദിച്ചു. ഗാർലൻഡ് സിറ്റിയിൽ കൂടുതൽ ക്രിക്കറ്റ് മൈതാനങ്ങൾ നിർമിക്കാൻ താൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

1. അലൻ ജയിംസ്, 2. അജു മാത്യു, 3. ജോയൽ ഗിൽഗാൽ, 4. മാത്യു (മാറ്റ്) സെബാസ്റ്റ്യൻ ജസ്റ്റിൻ വർഗീസ് (ജസ്റ്റിൻ വർഗീസ് റിയൽറ്റി) ആണ് ടൂർണമെന്റിന്റെ മെഗാ സ്പോൺസർ.
ബിജു തോമസ് (എയ്ഞ്ചൽവാലി ഹോസ്പിസ്), വിൻസെന്റ് ജോൺകുട്ടി (റെഡ് ചില്ലീസ് റസ്റ്ററന്റ്) എന്നിവരാണ് മറ്റ് സ്പോൺസർമാർ. ഇവരുടെയെല്ലാം സഹകരണത്തോടെ ടൂർണമെന്റ് വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് സംഘാടകർ അറിയിച്ചു.