വിദ്യാർഥികൾക്കായി പ്രസംഗ മത്സരവുമായി ഓർമ ഇന്റർനാഷണൽ; ആദ്യഘട്ടം ഏപ്രിൽ 25 വരെ
ജോസ് തോമസ്
Thursday, April 17, 2025 7:00 AM IST
ഫിലഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ (ഓർമ ഇന്റർനാഷണൽ), മൂന്നാം സീസൺ ഓൺലൈൻ പ്രസംഗ മത്സരവുമായി എത്തുന്നു. ഏപ്രിൽ 25 വരെയാണ് ആദ്യഘട്ട മത്സരങ്ങൾക്ക് അപേക്ഷിക്കാവുന്നത്.
മുൻ സീസണുകളിൽ മികച്ച പ്രതികരണം ലഭിച്ച ഈ മത്സരത്തിൽ, മൂന്നാം സീസണിലെ വിജയികൾക്കായി പത്ത് ലക്ഷം രൂപയുടെ കാഷ് അവാർഡുകളാണ് കാത്തിരിക്കുന്നത്.
ജൂനിയർ (7-10 ക്ലാസ്സുകൾ), സീനിയർ (11-ാം ക്ലാസ് മുതൽ ഡിഗ്രി അവസാന വർഷം വരെ) വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലിഷ് ഭാഷകളിൽ മത്സരങ്ങൾ നടക്കും. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓരോ വിഭാഗത്തിലെയും 25 വീതം വിദ്യാർഥികൾ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും.

രണ്ടാം റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 15 വീതം വിദ്യാർഥികൾ ഓഗസ്റ്റ് 9ന് പാലായിൽ വച്ച് നടക്കുന്ന ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കും.ഒന്നാം റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രസംഗ പരിശീലനം നൽകിയ ശേഷമാണ് മത്സരത്തിന് തയ്യാറെടുക്കാൻ അവസരം നൽകുന്നത്.
വിജയികൾക്ക് സിവിൽ സർവീസ് പരിശീലനം നേടുന്നതിനായി പ്രശസ്തമായ വേദിക് സിവിൽ സർവീസ് ട്രെയിനിംഗ് അക്കാദമി വഴി സ്കോളർഷിപ്പും ഓർമയുടെ സംഘാടകർ ഒരുക്കുന്നുണ്ട്. ലോകസമാധാനം എന്ന വിഷയത്തിൽ മൂന്ന് മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോ ഗൂഗിൾ ഫോം വഴി അപ്ലോഡ് ചെയ്യണം.
വിഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കാത്തവർക്ക് ഇ-മെയിലിൽ അയച്ചു നൽകാവുന്നതാണ്. വിഡിയോയുടെ തുടക്കത്തിൽ മത്സരാർഥിയുടെ പേര് വ്യക്തമായി പറയണം.
രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.ormaspeech.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: എബി ജെ ജോസ്, +91 701 263 6908, ജോസ് തോമസ് +1 412 656 4853.
വേദിക് ഐഎഎസ് ട്രെയിനിങ് അക്കാദമി, കാർനെറ്റ് ബുക്സ്, കരിയർ ഹൈറ്റ്സ്, സെറിബ്രോ എജ്യുക്കേഷൻ, സിനെർജി കൺസൾട്ടന്റ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ഓർമ സീസൺ3 പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.
ഗ്രാൻഡ് പ്രൈസായ 'ഓർമ ഒറേറ്റർ ഓഫ് ദി ഇയർ-2025' പുരസ്കാരം നേടുന്ന പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേൽ സ്പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും. സീനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ് ഭാഷകളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപ വീതം കാഷ് അവാർഡ് ലഭിക്കും.
30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും, 10,000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും, 5000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും നൽകും. ജൂനിയർ വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനം 25,000 രൂപയാണ്.
15,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, 10,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും, 5000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും, 3000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ഡോ. കെ. നാരായണക്കുറുപ്പ്, ഡിആർഡിഒ-എയ്റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അജയ് നായർ, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്,
എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ,മെന്റലിസ്റ്റ് നിപിൻ നിരവത്ത്,സംവിധായകൻ ലാൽ ജോസ്, കോർപ്പറേറ്റ് ട്രെയിനർ ആൻഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓർമ രാജ്യാന്തര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.
അമേരിക്കയിൽ അധ്യാപകനും മോട്ടിവേറ്റർ എജ്യുക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമ ഇന്റർനാഷനൽ ടാലന്റ് പ്രമോഷൻ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നൽകുന്നത്.
അറ്റോണി ജോസഫ് കുന്നേൽ (Kunnel Law, ഫിലഡൽഫിയ), അലക്സ് കുരുവിള (മാനേജിങ് ഡയറക്ടർ, കാർനെറ്റ് ബുക്സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്പെഷലിസ്റ്റ് ഇൻ ക്ലിനിക്കൽ കാർഡിയോവാസ്കുലർ മെഡിസിൻ), ഡോ. ജയരാജ് ആലപ്പാട്ട് (സീനിയർ കെമിസ്റ്റ്), ഷൈൻ ജോൺസൺ (റിട്ട. HM, SH ഹയർ സെക്കൻഡറി സ്കൂൾ, തേവര) എന്നിവരാണ് ഡയറക്ടർമാർ.
എബി ജെ ജോസ് (ചെയർമാൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ) - സെക്രട്ടറി, ഷാജി അഗസ്റ്റിൻ - ഫിനാൻഷ്യൽ ഓഫിസർ, മിസ്. എയ്മിലിൻ റോസ് തോമസ് (യുഎൻ സ്പീച്ച് ഫെയിം ആൻഡ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ സ്റ്റുഡന്റ്) - യൂത്ത് കോർഡിനേറ്റർ.
സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റി ബോർഡ് ചെയർമാൻ), റോഷൻ പ്ലാമൂട്ടിൽ (ട്രഷറർ), പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേൽ, ഓർമ കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മണിവയലിൽ എന്നീ ഓർമ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.
സിനർജി കൺസൾട്ടൻസിയിലെ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജോർജ് കരുണയ്ക്കൽ, പ്രഫസർ ടോമി ചെറിയാൻ എന്നിവർ മെൻറ്റേഴ്സ് ആയി പരിപാടികൾക്ക് നേതൃത്വം നൽകുന്നു.