കെഎച്ച്എൻഎ രജത ജൂബിലി കൺവൻഷന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി
ജയപ്രകാശ് നായർ
Saturday, April 12, 2025 2:33 PM IST
ന്യൂയോര്‍ക്ക്: ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിലുള്ള എംജിഎം ഇന്റർനാഷണലിൽ വച്ച് ഓഗസ്റ്റ് 17 മുതൽ 19 വരെ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ വിപുലമായി സംഘടിപ്പിക്കുവാൻ ഡയറക്ടർ ബോർഡ് അംഗങ്ങളും ട്രസ്റ്റീ ബോർഡ് അംഗങ്ങളും തീരുമാനിച്ചു.
ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന കൺവൻഷനിൽ കേരള കലാമണ്ഡലം കാഴ്ചവയ്ക്കുന്ന വിവിധ തരം ക്ഷേത്രകലകൾ, മെഗാ തിരുവാതിര, മെഗാ മോഹിനിയാട്ടം, ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും "അഗം' എന്ന മ്യൂസിക്കൽ ബാൻഡ്, സംഗീത സംവിധായകനും സംഗീതജ്ഞനുമായ രമേഷ് നാരായണും മകൾ മധുശ്രീ നാരായണും ചേർന്ന് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി, ന്യൂയോർക്കിൽ നിന്നുള്ള കലാകാരന്മാർ നേതൃത്വം കൊടുക്കുന്ന “സമഷ്ടി” തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.

മുൻ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ, രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എ. ജയശങ്കർ, ശ്രീജിത് പണിക്കർ, സിനിമാ മേഖലയില്‍ നിന്ന് ധ്യാൻ ശ്രീനിവാസൻ, അഭിലാഷ് പിള്ള, ഗോവിന്ദ് പത്മസൂര്യ, ശിവദാ എന്നിവരും എഴുത്ത്, ടെലിവിഷൻ പരസ്യ ചിത്രീകരണം എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശരത് എ. ഹരിദാസൻ, സാഹിത്യകാരനും പ്രാസംഗികനും പ്രജ്ഞാ പ്രവാഹുമായ ജെ. നന്ദകുമാർ തുടങ്ങിയവർ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നുണ്ടെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. നിഷാ പിള്ള അറിയിച്ചു.