കാലിഫോർണിയയിലെ സാൻ ഡീഗോയ്ക്ക് സമീപം ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത
Thursday, April 17, 2025 7:16 AM IST
കാലിഫോർണിയ: തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സാൻ ഡീഗോയിലും പരിസരപ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കാലിഫോർണിയയിലെ ജൂലിയനിലായിരുന്നു. ഈ പട്ടണം സാൻ ഡീഗോയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ വടക്കുകിഴക്കായി കുയാമാക പർവതനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.
ഭൂകമ്പം സംഭവിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷവും നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സാൻ ഡീഗോ ഷെരീഫ് ഓഫിസ് അറിയിച്ചു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിന്റെ ഓഫിസ് സ്ഥിതിഗതികൾ ഗവർണറെ അറിയിച്ചതായി എക്സിൽ പോസ്റ്റ് ചെയ്തു.
ഭൂകമ്പത്തിന് ശേഷമുള്ള മണിക്കൂറിലും ഈ മേഖലയിൽ ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടതായി യുഎസ്ജിഎസ് റിപ്പോർട്ട് ചെയ്തു. അതേസമയം, സുനാമിക്ക് സാധ്യതയില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.