മ്യൂണിക്ക് വിമാനത്താവളത്തില്‍ പണിമുടക്ക്
ജോസ് കുമ്പിളുവേലില്‍
Friday, February 28, 2025 3:49 AM IST
മ്യൂണിക്: ജര്‍മനിയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മ്യൂണിക്കില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ വേര്‍ഡിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ പണിമുടക്കും.
ജര്‍മനിയുടെ ഫ്ലാഗ് കാരിയര്‍ എയര്‍ലൈന്‍സായ ലുഫ്ത്താന്‍സയുടെ ഒരു പ്രധാന കേന്ദ്രമാണ് മ്യൂണിക്ക്. എയര്‍പോര്‍ട്ട് ജീവനക്കാരുടെ പണിമുടക്ക് കാരണം മ്യൂണിക്ക് എയര്‍പോര്‍ട്ടിലെ മിക്ക ഫ്ലൈറ്റ് കണക്ഷനുകളും വ്യാഴം, വെള്ളി ദിവസങ്ങളില്‍ റദ്ദാക്കുമെന്ന് എയര്‍പോര്‍ട്ട് ചൊവ്വാഴ്ച അറിയിച്ചു.
രണ്ട് ദിവസത്തേക്ക് ആസൂത്രണം ചെയ്ത ഏകദേശം 1,600 ഫ്ലൈറ്റ് കണക്ഷനുകളില്‍ ഭൂരിഭാഗവും റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഫ്ലൈറ്റുകളെക്കുറിച്ചുള്ള കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ക്ക് യാത്രക്കാര്‍ക്ക് അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്നറിയിപ്പ് പണിമുടക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളിലൊന്നാണ് മ്യൂണിച്ച് എയര്‍പോര്‍ട്ട്.
ആഴ്ചയുടെ തുടക്കത്തില്‍, ട്രേഡ് യൂണിയന് വെര്‍ഡിയും കൊളോണ്‍/ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ജര്‍മനിയിലെ പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് പ്രാദേശിക തലത്തിലും ദേശീയ തലത്തിലും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ വേണമെന്ന് വെര്‍ഡി ആവശ്യപ്പെട്ടാണ് പണിമുടക്ക്.
ശമ്പളത്തില്‍ എട്ട് ശതമാനം വര്‍ധനവ്, കൂടാതെ മൂന്ന് അധിക ശമ്പളമുള്ള അവധി ദിനങ്ങള്‍ എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച നടന്ന പുതിയ ചര്‍ച്ചകള്‍ ഒരു വഴിത്തിരിവില്ലാതെ അവസാനിച്ചു.