അയർലൻഡിൽ ഡ്രൈവിംഗിനിടെ അന്തരിച്ച അനീഷിന്റെ പൊതുദർശനം വെള്ളിയാഴ്ച
ജെയ്സൺ കിഴക്കയിൽ
Friday, February 28, 2025 6:20 AM IST
ഡബ്ലിൻ: കിൽകെന്നിയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ച മലയാളി യുവാവ് അനീഷ് ശ്രീധരന്റെ(37) പൊതുദർശനം വെള്ളിയാഴ്ച നടക്കും. എറണാകുളം ഇലഞ്ഞി പെരുമ്പടവം മലയിൽക്കുന്നേൽ ശ്രീധരന്റെയും ശാന്തയുടെയും മകനാണ് അനീഷ്.
വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെ കിൽക്കെനിയിലെ ജോൺസ്റ്റൺസ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം. ഉച്ചകഴിഞ്ഞു മൂന്നിനു പരേതനായുള്ള പ്രാർഥന ശുശ്രൂഷകളും നടക്കും. സംസ്കാരം പിന്നീട് നാട്ടിൽ നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ആഴ്ച നാട്ടിൽ പോവാനിരുന്നതിനിടെ അനീഷിന്റെ പെട്ടെന്നുള്ള മരണ വാർത്തയെത്തിയത് മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.
അനീഷ് കിൽക്കെന്നി മലയാളി അസോസിയേഷനിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നു അനീഷ് ഓടിച്ച കാർ നിയന്ത്രണം വിട്ടു ടൗണിലെ ഒരു കടയുടെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ഉടനെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം കിൽക്കെന്നിയിൽ ഷെഫായി ജോലി നോക്കി വരികയായിരുന്നു.
ഭാര്യ ജ്യോതി (സെന്റ് ലൂക് ജനറൽ ഹോസ്പിറ്റൽ കിൽകെന്നി). മക്കൾ: സ്വാദിക്, ശിവന്യ.