റഷ്യൻ കൂലിപ്പട്ടാളത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിൽ; സുഹൃത്തിനും പരിക്ക്
Tuesday, January 14, 2025 3:04 PM IST
തൃശൂർ: മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ കുട്ട നെല്ലൂർ കരുണ ലെയിൻ തോലത്ത് ബിനിൽ (32) കൊല്ലപ്പെട്ടത് യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണത്തിലെന്നു സുഹൃത്ത് ജയിൻ കുര്യൻ.
ബിനിലിനെ കഴിഞ്ഞ അഞ്ചിനാണു കൂലിപ്പട്ടാളത്തിനൊപ്പം ചേർത്തത്. മറ്റൊരു സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്റെ മൃതദേഹം കണ്ടെന്നു ജയിൻ ബിനിലിന്റെ കുടുംബത്തെ അറിയിച്ചു.
തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിൽ ജയിനും(27) പരിക്കേറ്റു. ജയിനിപ്പോൾ മോസ്കോയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിനും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. അവിടത്തെ മലയാളി ഏജന്റ് കബളിപ്പിച്ച് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം ചേർക്കുക യായിരുന്നു.
മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണവാർത്ത എത്തിയത്. ബിനിലിന്റെ മൃതദേഹവും മോസ്കോയിൽ ചികിത്സയിലുള്ള ജയിനെയും നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരുടെയും ബന്ധുക്കൾ.