കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്ക് പുതിയ നേതൃത്വം
ജോസഫ് ഇടിക്കുള
Saturday, January 4, 2025 3:01 PM IST
ന്യൂജഴ്സി: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (കാൻജ്) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ടാഗോർ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പ്രഖ്യാപനം നടന്നത്.
ഭാരവാഹികൾ
സോഫിയ മാത്യു (പ്രസിഡന്റ്), വിജയ് നമ്പ്യാർ (വൈസ് പ്രസിഡന്റ്), ഖുർഷിദ് ബഷീർ (ജനറൽ സെക്രട്ടറി), ജോർജി സാമുവൽ (ട്രഷറർ), ദയ ശ്യാം (ജോയിന്റ് സെക്രട്ടറി), കൃഷ്ണ പ്രസാദ് (ജോയിന്റ് ട്രഷറർ), സൂരജിത് കിഴക്കയിൽ (കൾച്ചറൽ അഫയേഴ്സ്),
അസ്ലം ഹമീദ് (സ്പോർട്സ് അഫയേഴ്സ്), നിധിൻ ജോയ് ആലപ്പാട്ട് (ഐ ടി ഓഫീസർ), അനൂപ് മാത്യൂസ് രാജു (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജയകൃഷ്ണൻ എം മേനോൻ (ചാരിറ്റി അഫയേഴ്സ്), ടോണി മാങ്ങൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), രേഖ നായർ (യൂത്ത് അഫയേഴ്സ്).
സ്വപ്ന രാജേഷ് ട്രസ്റ്റി ബോർഡ് ചെയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ജോൺ ജോർജ്, ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട്, സണ്ണി വാലിപ്ലാക്കൽ എന്നിവർ ട്രസ്റ്റി ബോർഡ് അംഗങ്ങളാണ്. ബൈജു വർഗീസ് എക്സ് ഓഫീഷ്യോ അംഗമാണ്.
വിവിധ കമ്മിറ്റികളിൽ സെക്രട്ടറി, കൾച്ചറൽ കോഓർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച സോഫിയ മാത്യു കാൻജിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മിക്കേസ് ഇവന്റ്സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഉടമയും ഫന സ്കൂൾ ഓഫ് ഡാൻസിന്റെ സ്ഥാപകയുമാണ് സോഫിയ.
കാൻജ് ഗോട്ട് ടാലന്റിലൂടെ ശ്രദ്ധേയനായ ഖുർഷിദ് ബഷീർ, യുണൈറ്റഡ് നേഷൻസിൽ ഐടി ഓഫിസറാണ്. കാൻജിന്റെ മുൻ ജോയിന്റ് സെക്രട്ടറി, കൾച്ചറൽ അഫയേഴ്സ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ട്രഷറർ ജോർജി സാമുവൽ കഴിഞ്ഞ രണ്ട് വർഷമായി കാൻജിന്റെ ചാരിറ്റി അഫയേഴ്സ് സെക്രട്ടറിയായിരുന്നു. നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ വിജയകരമായി നടത്തിയിട്ടുണ്ട്. റാക്സ്പേസ് ടെക്നോളജിയിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജി ഈസ്റ്റ് ബ്രൺസ്വിക്ക് നിവാസിയാണ്.
പുതിയ കമ്മിറ്റിക്ക് കാൻജിന്റെ വിവിധ നേതാക്കൾ ആശംസകൾ അറിയിച്ചു. കാൻജിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും പിന്തുണ ഉണ്ടാകണമെന്ന് സോഫിയ മാത്യു അഭ്യർഥിച്ചു.