മാർക്കോയിൽ ഉണ്ണിയുടെ അനിയനായി തിളങ്ങിയത് ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി
സണ്ണി മാളിയേക്കൽ
Monday, January 6, 2025 5:23 PM IST
ഇൻഡ്യാന: ഉണ്ണി മുകുന്ദൻ നായകനായ "മാർക്കോ' തിയറ്ററുകളിൽ തരംഗമാവുന്പോൾ അമേരിക്കൻ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോയുടെ അന്ധ സഹോദരനായ വിക്ടറായി ഇഷാൻ ഷൗക്കത്ത് ആണ് വേഷമിട്ടിരിക്കുന്നത്.
അമേരിക്കയിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇഷാൻ അഭിനയപഠനം പൂർത്തിയാക്കിയത്. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത നടനുള്ള പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഇഷാൻ വാരി കൂട്ടിയിട്ടുണ്ട്.
മാർക്കോയിലെ അദ്ദേഹത്തിന്റെ സൂഷ്മമായ പ്രകടനം വ്യാപകമായി പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. പരിചയ സമ്പന്നനായ ഒരു നടനെപോലെ ഇഷാൻ ഷൗക്കത്ത് തന്റെ കഥാപാത്രത്തിന് ആഴവും ആധികാരികതയും കൊണ്ടുവന്നിട്ടുണ്ട്.
സ്വാഭാവികമായ സംഭാഷണത്തിലൂടെയും കണ്ണിലൂടെയും ശരീര ഭാഷയിലൂടെയുമുള്ള വിക്ടർ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥകൾ കൃത്യമായി പ്രേക്ഷകരിലെത്തിക്കാൻ ഇഷാന് കഴിഞ്ഞു. ഒരു അരങ്ങേറ്റക്കാരന്റെ പരാധീനകളില്ലാത്ത പ്രകടനമാണ് ഇഷാൻ നടത്തിയത്.
ഉണ്ണി മുകുന്ദനുമായുള്ള ഇഷാന്റെ രംഗങ്ങൾ, പ്രത്യേകിച്ച് അവർക്കിടയിലെ വൈകാരിക നിമിഷങ്ങൾ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നിമിഷങ്ങളായി മാറി. വിക്ടർ എന്ന ഇഷാന്റെ വേഷം കഥയുടെ വൈകാരികതലങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.