ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാരം ശനിയാഴ്ച
Wednesday, January 1, 2025 12:50 PM IST
ന്യൂയോർക്ക്: ഡിസംബർ 21ന് അന്തരിച്ച സീറോമലബാർ സഭയിലെ സീനിയർ വൈദികനും ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഇടവകയുടെ സ്ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച നടക്കും.
പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച വൈകുന്നേരം 4.30 മുതൽ 8.30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോർക്ക് - 10710), വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒന്പത് വരെ ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ (810 ഈസ്റ്റ്, 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക്, 10467) വച്ചും പൊതുദർശനം ഉണ്ടായിരിക്കും.
സംസ്കാര ശുശൂഷകൾ ശനിയാഴ്ച രാവിലെ 8.30ന് ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂ യോർക്ക് - 10603).
സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസിന്റെ സ്വന്തം രൂപതയായ മാനന്തവാടി രൂപതയുടെ ബിഷപ് മാർ ജോസ് പൊരുന്നേടം മുഖ്യ കാർമികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാൻമാരും നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദർശനത്തിലും സംസ്കാര ശുശ്രൂഷയ്ക്കും കാർമികത്വം വഹിക്കും.
പൊതുദർശന, സംസ്കാര ദിവസങ്ങളിൽ വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള വിമാനത്താവളങ്ങൾ: വൈറ്റ് പ്ലെയിൻസ്, ലഗാഡിയ, ജോൺ എഫ് കെന്നഡി.
അനുസ്മരണ കുർബാനയും ശുശ്രൂഷകളും ഞായറാഴ്ച രാവിലെ പത്തിന് ബ്രോങ്ക്സ് ദേവാലയത്തിൽ വച്ച് നടക്കും. മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. അതിനുശേഷം അനുശോചന യോഗവും പാരിഷ്ഹാളിൽ കൂടും.