മദ്യപിച്ചു വാഹനമോടിച്ച് അപകടം; ഡാളസിൽ നാല് മരണം
പി.പി. ചെറിയാൻ
Friday, January 3, 2025 7:17 AM IST
മെസ്ക്വിറ്റ്: ഡാളസിൽ നിർത്തിയിട്ട വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി നാല് പേർ മരിച്ചതായി മെസ്ക്വിറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ജനുവരി ഒന്നിന് പുലർച്ചെ 1.45നായിരുന്നു അപകടം.
ബസിലിയോ മാരെസ് ഒർട്ടിസ് (35) ഓടിച്ച വാഹനമിടിച്ചാണ് നാല് പേരും മരിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ്.
ടെക്സസിലെ ടെറൽ സ്വദേശികളായ ആർതുറോ മാർട്ടിനെസ് ഗോൺസാലസ് (47), ആന്റണി ഹെർണാണ്ടസ് (19), മരിയോ ഗുജാർഡോ ഡി ലാ പാസ് (19), പതിനഞ്ചു വയസുകാരൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർക്കെതിരേ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മെസ്ക്വിറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ട്രാഫിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.