യുഎസ് പ്രഥമവനിതയ്ക്ക് മോദി നൽകിയത് 17.15 ലക്ഷത്തിന്റെ വജ്രം
Saturday, January 4, 2025 12:12 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും കഴിഞ്ഞവർഷം ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വില കൂടിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വജ്രം. 20,000 യുഎസ് ഡോളർ (17.15 ലക്ഷം രൂപ) വിലയുള്ള 7.5 കാരറ്റ് വജ്രമാണു മോദി പ്രഥമ വനിത ജിൽ ബൈഡന് സമ്മാനിച്ചത്.
വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിൽ നിലവിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് ഈ വജ്രം. യുഎസിലെ യുക്രൈൻ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ രണ്ടാമത്. വസ്ത്രത്തിൽ ഉപയോഗിക്കുന്ന വജ്രത്തിന്റെ പിന്നാണ് യുക്രൈൻ അംബാസഡർ നൽകിയത്. ഇതിന് 14,063 ഡോളര്‍ വില വരും.
ഈജിപ്ത് പ്രസിഡന്റ് നല്കിയ 4,510 ഡോളർ വിലമതിക്കുന്ന ബ്രേസ്ലെറ്റ്, ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് സുക് യോൾ യൂണിന്റെ 7,100 ഡോളർ വില വരുന്ന ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രിയുടെ 3,495 ഡോളർ വിലയുള്ള പ്രതിമ, ബ്രൂണൈ സുൽത്താന്റെ 3,300 ഡോളർ വിലമതിക്കുന്ന വെള്ളി പാത്രം തുടങ്ങിയവയും പ്രസിഡന്റിന് ലഭിച്ച സമ്മാനങ്ങളാണ്.
വിദേശ നേതാക്കളിൽനിന്ന് ലഭിക്കുന്ന 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ ഭരണ രംഗത്തുളളവര്‍ വെളിപ്പെടുത്തണമെന്നാണ് യുഎസിലെ നിയമം. ബൈഡൻ സ്ഥാനമൊഴിയുന്പോൾ ഇത് എന്തു ചെയ്യുമെന്നു വെളിപ്പെടുത്തിയിട്ടില്ല.