ഫിലാഡൽഫിയ സീറോമലബാർ മതബോധനസ്കൂളിന്റെ ക്രിസ്മസ് ആഘോഷം അവിസ്മരണീയം
ജോസ് മാളേയ്ക്കൽ
Thursday, January 2, 2025 7:03 AM IST
ഫിലാഡൽഫിയ: ഉണ്ണിയേശുവിന്റെ പിറവിയുടെ നാൾ ഫിലഡൽഫിയ സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്കൂളിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയെ തുടർന്നാണ് പാരീഷ് ഹാളിൽ ആഘോഷപരിപാടികൾ നടന്നത്.
നേറ്റിവിറ്റി ഷോ, കരോൾഗാനമൽസരം, സാന്താക്ലോസിന്റെ ആഗമനം, ജീസസ് ബർത്ത്ഡേ കേക്ക് മുറിക്കൽ എന്നിവയായിരുന്നു ചടങ്ങുകൾ. മതബോധനസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി സണ്ഡേസ്കൂൾ കുട്ടികൾ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കർഹമായി. ഗബ്രിയേൽ മാലാഖ മറിയത്തെ മംഗളവാർത്ത അറിയിക്കുന്നതുമുതൽ, കിഴക്കുന്നിന്നെത്തിയ രാജാക്കന്മാർ ഉണ്ണിയേശുവിനെ ആരാധിച്ചു കാഴ്ച്ചകൾ സമർപ്പിച്ചു മടങ്ങുന്നതുവരെയുള്ള പിറവിയെത്തിയതിന്റെ നാളിന്റെ എല്ലാ സ്ത്രീകളും കുട്ടികളും നന്നായി അവതരിപ്പിച്ചു.
നിദ്രയിൽ ജോസഫിന് ലഭിക്കുന്ന ദൈവീകദർശനം, പ്രസവസമയമടുത്ത മേരിക്കുട്ടിക്കും നൽകുന്നതിനായി ജോസഫിനൊപ്പം സത്രങ്ങളിൽ മുട്ടുന്നതും, എല്ലാവരാലും തിരസ്കരിക്കപ്പെട്ട് അവസാനം കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന് ജന്മം നൽകുന്നതും തത്സമയം വിണ്ണിലെ മാലാഖമാർ മന്നിലിറങ്ങി ആനന്ദനൃത്തമാടുന്നതും, ആട്ടിടയന്മാർ
പിള്ളക്കച്ചയിൽ പൊതിഞ്ഞു കിടത്തിയി ന്ന ഉണ്ണിയെ ആരാധിച്ച് ആനന്ദനൃത്തം ചെയ്യുന്നതും ആകാശത്തിലെ നക്ഷത്രം വഴികാട്ടിയതനുസരിച്ച് മൂന്നുരാജാക്കന്മാർ പുൽക്കൂട്ടിൽ ജാതനായ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകൾ സമർപ്പിച്ചു സന്തോഷം പങ്കിടുന്നതും വളരെ നാടകീയമായി കുട്ടികൾ അവതരിപ്പിച്ചു.
ഹൈസ്കൂൾ കുട്ടികൾ കരോൾഗാനമൽസരത്തിൽ പങ്കെടുത്തു. ക്രിസ്മസ്/ജീസസ് ബർത്ത്ഡേ ആഘോഷങ്ങളുടെ ഭാഗമായി പാരീഷ് ഹാളും, സ്റ്റേജും, കമനീയമായി അലങ്കരിച്ച പുൽക്കൂടും ദീപാലങ്കാരങ്ങളും ശ്രദ്ധേയമായിരുന്നു.
മതാധ്യാപിക ജയിൻ സന്തോഷ് സംവിധാനം ചെയ്തു തയാറാക്കിയ ക്രിസ്മസ്ഷോയിൽ പ്രീ കെ മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. എബിൻ സെബാസ്റ്റ്യൻ സാങ്കേതിക സഹായവും, ശബ്ദവെളിച്ച നിയന്ത്രണവും, ജോസ് തോമസ് ഫോട്ടോഗ്രഫിയും നിർവഹിച്ചു.