നിരാശയിൽ വീണു പോകാതെ ദൈവകൃപയെ അനുഭവിച്ചറിയാൻ കഴിയണം: ബിഷപ് ഡോ.സി.വി. മാത്യു
പി പി ചെറിയാൻ
Friday, January 3, 2025 6:23 AM IST
ന്യൂജഴ്സി: കഷ്ടത നിറഞ്ഞ ജീവിതത്തിനിടെ നിരാശയിൽ വീണുപോകാതെ, നമ്മെ പിന്തുടരുന്ന ദൈവകൃപയെ അനുഭവിച്ചറിയുവാൻ കഴിയുന്നവരാകണം മനുഷ്യരെന്ന് തോമസ് ഇവാഞ്ചലിക്കൽ മുൻ പ്രിസൈഡിംഗ് ബിഷപ് ചർച്ച് ഓഫ് ഇന്ത്യ മോസ്റ്റ് റവ. ഡോ. സി.വി. മാത്യു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർലെെൻ ഓൺലൈനിൽ സംഘടിപ്പിച്ച ഈ വർഷത്തെ സമാപന സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽകുകയായിരുന്നു ബിഷപ്. പുസ്തകത്തിന്റെ താളുകളിൽ നിന്നോ കേട്ടുകേൾവിയിലൂടെയോ അല്ല ജീവിതാനുഭവങ്ങളിൽ നിന്നാണ് ദാവീദ് രാജാവ് ദൈവകൃപ രുചിച്ചറിഞ്ഞതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
പിന്നിട്ട വർഷത്തിൽ നമ്മുടെ ജീവിതത്തിൽ വന്നു പോയ വീഴ്ചകളെ കണക്കാക്കാതെ ദൈവത്തിൽ നിന്നും അനവധി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. പുതു വർഷത്തിൽ മുൻ വർഷത്തെ വീഴ്ചകളെ കണ്ടെത്തി അതിനെ പൂർണമായും ത്യജിച്ചു കൂടുതൽ അനുഗ്രഹങ്ങളും കൃപകളും ദൈവത്തിൽ നിന്നും ലഭിക്കട്ടെ എന്നാശംസിച്ചു കൊണ്ടാണ് ബിഷപ്പ് പ്രസംഗം അവസാനിപ്പിച്ചത്.
1977 മുതൽ 1981 വരെ ലളിതമായ ജീവിതത്തിനും മനുഷ്യത്വപരമായ സേവനങ്ങൾക്കും പേരുകേട്ട 39-ാമത് യു എസ് പ്രസിഡന്റായിരുന്ന, ജിമ്മി കാർട്ടറിന്റെ വേർപാടിൽ ആദരാജ്ഞലി അർപ്പിച്ചാണ് സമ്മേളനം തുടങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച ജോർജിയയിലെ പ്ലെയിൻസിലെ വസതിയിൽ ആണ് അദ്ദേഹം മരണമടഞ്ഞത്. 100 വയസായിരുന്നു.
ന്യൂജഴ്സി മാർത്തോമ്മാ പള്ളി വികാരി റവ. മാത്യു വർഗീസ് പ്രാരംഭ പ്രാർഥന നടത്തി. അഞ്ചു പേരായി ആരംഭിച്ച പ്രാർഥനയിൽ 555-ാം സെഷൻ പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നുവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു. ടി.എ. മാത്യു മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
പി.കെ.തോമസ് കുട്ടി സങ്കീർത്തനങ്ങൾ വായിച്ചു. റവ.എൻ.വൈ ജോർജ് എബ്രഹാം കല്ലൂപ്പാറ, റവ. ഡോ. ജെയിംസ് എൻ. ജേക്കബ് എന്നിവർ ആശീർവാദവും സമാപന പ്രാർഥനയും നടത്തി. അലക്സ് തോമസ്, ജാക്സൺ നന്ദി പറഞ്ഞു. ജോസഫ് ടി. ജോർജ് (രാജു), ഹൂസ്റ്റൺ, ഷിജു ജോർജ് ഹൂസ്റ്റൺ എന്നിവർ സാങ്കേതിക പിന്തുണ നൽകി.