ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്ററായി മാത്യു ചെറിയാനെ നിയമിച്ചു
സന്തോഷ് ഏബ്രഹാം
Thursday, January 2, 2025 4:22 PM IST
ഫിലാഡൽഫിയ: ഫൊക്കാനയുടെ 2026ലെ കൺവൻഷൻ കോഓർഡിനേറ്ററായി പെൻസിൽവേനിയ മലയാളി അസോസിയേഷനിലെ മാത്യു ചെറിയാനെ(മോൻസി) നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
കഴിഞ്ഞ ഫൊക്കാന കൺവൻഷനിൽ നിറസാന്നിധ്യമായിരുന്ന മാത്യു ചെറിയാൻ 2023ൽ ഫിലാഡൽഫിയയിൽ നടന്ന ഫൊക്കാന റീജിയണൽ കൺവൻഷന് നേതൃത്വം നൽകിയിട്ടുണ്ട്.
ഫിലാഡൽഫിയയിലെ വിവിധ മലയാളി അസോസിയേഷനുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, പെൻസിൽവേനിയ മലയാളി അസോസിയേഷൻ (പിഎംഎ) രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്.
1985ലാണ് മാത്യു ചെറിയാൻ അമേരിക്കയിലേക്ക് കുടിയേറിയത്. സ്കൂൾ കോളജ് വിദ്യാഭ്യാസം ഫിലാഡൽഫിയയിൽ നിന്നും പൂർത്തീകരിച്ചു. ഹെൽത്ത് സയൻസിൽ ബിരുദം നേടി. ദേശവ്യാപകമായി അടിസ്ഥാന സൗകര്യങ്ങൾ, യൂട്ടിലിറ്റികൾ, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ ബിസിനസ് രംഗത്തും അദ്ദേഹം തിളങ്ങി നിൽക്കുന്നു.
ഇപ്പോൾ കുടുംബമായി കിംഗ് ഓഫ് പ്രഷ്യയിലാണ് താമസം. അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃപാടവവും ഫൊക്കാനയുടെ കൺവൻഷന് ഒരു മുതൽക്കൂട്ടാകുമെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. മാത്യു ചെറിയാൻ ഏറെ സൗമ്യനും മൃദുഭാഷിയുമാണെന്ന് ട്രഷറർ ജോയി ചാക്കപ്പൻ വ്യക്തമാക്കി.
കൺവൻഷൻ കോഓർഡിനേറ്ററായി മാത്യു ചെറിയാനെ (മോൻസി) നിയമിച്ചതിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ നേരുന്നതായി എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,
അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, കൺവൻഷൻ ചെയർ ആൽബർട്ട് കണ്ണമ്പള്ളിൽ എന്നിവർ അറിയിച്ചു.