ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരി; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ജെയിംസ് കൂടൽ
Wednesday, January 1, 2025 11:57 AM IST
ന്യൂയോർക്ക്: ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരിയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് ജെയിംസ് കൂടൽ. ദീർഘവീക്ഷണവും കൃത്യമായ ഇടപെടലുകളും നിലപാടുകളും കൊണ്ട് ഇന്ത്യൻ ജനതയെ ഹൃദയത്തോടു ചേർത്തു നിർത്തിയ വ്യക്തിയായിരുന്നു മൻമോഹൻ സിംഗ്.
മിതഭാഷി ആയി തുടരുമ്പോഴും ആ ശബ്ദം രാജ്യത്തിന് വേണ്ടി ഉയർന്നിരുന്നു. അദ്ദേഹം പകരം വയ്ക്കാനില്ലാത്ത ഭരണതന്ത്രജ്ഞനാണ്. 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിംഗ് നിലപാടുകളുടെ അടിയുറച്ച ശബ്ദമായിരുന്നു.
ഇന്നിനൊപ്പം സഞ്ചരിക്കുമ്പോഴും നാളകളെ കൃത്യമായി വിലയിരുത്തി. വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിനും സമ്പദ്ഘടനയുടെ നവീകരണത്തിനും പ്രത്യേക ശ്രദ്ധ നൽകി. ധനമന്ത്രി ആയിരുന്ന കാലയളവിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളായിരുന്നു ഇവിടേയും ഊർജ്ജം.
മൻമോഹൻ സിംഗിന്റെ കാലത്തെ ഭരണ പരിഷ്കാരങ്ങളെല്ലാം സാധാരണക്കാരെ ഉയർത്തിപ്പിടിക്കാനും പാവങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും കാരണമായി. അദ്ദേഹത്തിന്റെ കാലയളവിൽ അവതരിപ്പിച്ച ബഡ്ജറ്റുകളിലെല്ലാം അദ്ദേഹം നേരിട്ട് ഇടപെടുകയും അത് രാജ്യത്തിന്റെ വികസനത്തിന് തുടക്കം കുറിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി.
സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പല രാജ്യങ്ങളും പ്രതിസന്ധിയിലാകുമ്പോൾ ഇന്ത്യയെ മുറുക്കെ പിടിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിനും അദ്ദേഹം പ്രത്യക ശ്രദ്ധനൽകി.
തന്റെ മേൽവിലാസമാണ് തന്റെ പ്രസ്ഥാനത്തിലും ഉണ്ടാകുന്നതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കോൺഗ്രസിന്റെ ആശയങ്ങളെ അദ്ദേഹം മുറുക്കെ പിടിച്ചെന്ന് ജെയിംസ് കൂടൽ പറഞ്ഞു.