ബൈപാസ് റോഡുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങി: വീർപ്പുമുട്ടി നെന്മാറ ടൗൺ
1599485
Tuesday, October 14, 2025 1:09 AM IST
ജോജി തോമസ്
നെന്മാറ: അന്തർസംസ്ഥാനപാത കടന്നുപോകുന്ന നെന്മാറ ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. പാതനവീകരണവും ബൈപാസ് നിർമാണവും പത്തുവർഷമായിട്ടും എങ്ങുമെത്തിയില്ല. പ്രതിദിനം എണ്ണായിരത്തിലേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി 2016 ൽ നെന്മാറയിൽ ബൈപാസ് റോഡിനു ബജറ്റിൽ നിർദേശം വന്നെങ്കിലും ഒന്പതുവർഷങ്ങൾക്കുശേഷവും പ്രാരംഭനടപടികൾപോലുമായില്ല.
വാഹനഗതാഗതവും ജനപ്പെരുപ്പവും വർധിച്ചതോടെ പത്തുവർഷംമുമ്പ് പ്രഖ്യാപിച്ച ബൈപാസ് റോഡുപോലും മതിയാകാത്ത സ്ഥിതിയാണ്. 2007-നു ശേഷം മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ സമ്പൂർണ നവീകരണം നടന്നിട്ടില്ല.
ഇടയ്ക്ക് കുഴിയടയ്ക്കലും അറ്റകുറ്റപ്പണികൾ നടത്തലും മാത്രമാണ് നടന്നിട്ടുള്ളത്. 18 വർഷമായിട്ടും റോഡ് വീതികൂട്ടലോ മറ്റു നടപടികളുമുണ്ടായിട്ടില്ല.
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഒന്നോരണ്ടോ വർഷംകൂടുമ്പോൾ മൂന്നും രണ്ടുംമൂന്നും കിലോമീറ്റർ ദൈർഘ്യത്തിൽ താത്കാലിക ഉപരിതലം പുതുക്കൽമാത്രമാണ് നടക്കുന്നത്.
നടപ്പാതപോലുമില്ലാതെ റോഡിൽ കിട്ടാവുന്ന രീതിയിൽ ടാർചെയ്ത് പലപ്പോഴായി വീതികൂട്ടിയതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല.
എന്നാൽ, റോഡ് അതിർത്തിവരെ ടാർചെയ്ത പല സ്ഥലങ്ങളിലും അഴുക്കുചാൽ ഇല്ലാത്തതും റോഡിലേക്ക് തള്ളി നിൽക്കുന്ന വൈദ്യുതതൂണുകൾ മാറ്റാത്തതും യാത്രാദുരിതമായി തുടരുന്നു.
നിലവിൽ മഴപെയ്താൽ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്ന രീതിയിൽ അഴുക്കുചാലുകൾ പോലും പലയിടത്തും മൂടി കിടക്കുകയാണ്.
അന്തർസംസ്ഥാന പാതയിൽ 2009-ൽ കൊല്ലങ്കോട്ടും ബൈപാസുകൾ നിർമിക്കുമെന്നു പ്രഖ്യാപിച്ചുവെങ്കിലും അതും പ്രഖ്യാപനത്തിലൊതുങ്ങി.
ഭാരതമാല പദ്ധതിയിലുൾപ്പെടുത്തി ദേശീയപാതനിലവാരത്തിലേക്കുയർത്തുമെന്ന വാഗ്ദാനം വന്നുവെങ്കിലും അതും യാഥാർഥ്യമായില്ല. വർഷങ്ങൾക്കുശേഷം മലയോരഹൈവേയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കും എന്ന പ്രഖ്യാപനംവന്നെങ്കിലും അതും പ്രയോഗത്തിൽ വന്നില്ല.