രാത്രിയിൽ ഈ ശ്മശാനത്തിൽ...
1599487
Tuesday, October 14, 2025 1:09 AM IST
എം.വി. വസന്ത്
പാലക്കാട്: പതിനാലേക്കർവരുന്ന പൊതുശ്മശാനത്തിൽ രാത്രികാലങ്ങളിൽ വിലസുന്നതു വിലാസിനിയും മണവാട്ടിയും അടക്കമുള്ളവർ!. ഭയപ്പെടേണ്ട, ഇവരെല്ലാവരും നമുക്ക് പ്രിയപ്പെട്ടവർതന്നെ.
പകൽപോലും ശ്മശാനക്കാട്ടിൽ പോകാൻ പലരും ഭയപ്പെടുന്പോഴാണ് ഒരുകൂട്ടം ആളുകൾ രാത്രിയിൽ ഇവിടെയെത്തിയത്. പ്രേത, ഭൂത, പിശാചുക്കളെ കണ്ടെത്തി ഉച്ചാടനം ചെയ്യാനല്ല, മറിച്ച് രാത്രിയിലെ അന്തേവാസികളുടെ ക്ഷേമത്തിനു പുത്തൻപച്ചപ്പൊരുക്കാൻ...
പാലക്കാട് നഗരത്തിലെ ഏറ്റവും വലിയ പച്ചത്തുരുത്തായ മാട്ടുമന്ത പൊതുശ്മശാനത്തിൽ ഇത്തവണ പരിസ്ഥിതിസംഘടനകളുടെ സർവേ നടത്തിയതു രാത്രിയിൽ.
"വനംതുരുത്തുകളിലുമുണ്ട് അപൂർവ അതിഥികൾ' എന്ന ദീപിക വാർത്തയുടെ ചുവടുപിടിച്ചായിരുന്നു സർവേ. പുനർജനി പരിസ്ഥിതിസംഘടന, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ, പരിസ്ഥിതി ഐക്യവേദി എന്നീ സംഘടനകൾ സംയുക്തമായാണ് സർവേ നടത്തിയത്. വൈകുന്നേരം നാലിന് ആരംഭിച്ച സർവേ രാത്രി പത്തിനാണ് സമാപിച്ചത്.
വിലാസിനിയും കൂട്ടരും
സർവേയിൽ കണ്ടെത്തിയത് 64 ഇനം പക്ഷികളെ.
മുപ്പതിനം പൂന്പാറ്റകളും അപൂർവയിനം തുന്പികളും വിവിധയിനം തവളകളും അരണയും പല്ലിയും പ്രാണികളുമെല്ലാം സർവേയിൽ കണ്ടെത്താനായി.
മീൻകൂമൻ, കാലൻകോഴി, ചെവിയൻനത്ത്, കാവി തുടങ്ങിയ പക്ഷികളുടെ വരവും പോക്കുമെല്ലാം സർവേ നടത്തിയവർക്കു ഹരമായി. ഗരുഡശലഭം, വിലാസിനി, മഞ്ഞപ്പാപ്പാത്തി, ചിന്നപ്പുൽച്ചാടൻ, നീലക്കടുവ ഇനത്തിൽപെട്ട പൂന്പാറ്റകളും മഞ്ഞക്കാലി പാൽതുമ്പി, നാട്ടുപുൽച്ചിന്നൻ, പച്ചവ്യാളി, തുലാത്തുമ്പി തുടങ്ങിയ തുന്പിയിനങ്ങളും ദൃശ്യവിരുന്നായി. സ്വർണകുറുവായൻ, ചിത്രത്തവള, വർണബലൂൺ തവള, മണവാട്ടിത്തവള, പാറത്തവള, വയനാടൻ കരിയിലത്തവള, ഇലത്തവള, ചെങ്കൽചിലപ്പൻ, ചിലുചിലപ്പൻ, വയൽത്തവള തുടങ്ങി ഇരുപതോളം തവളകളും പച്ചയോന്ത്, നാട്ടുമരപ്പല്ലി, പൊന്നൻമരപ്പല്ലി, പുള്ളിപല്ലി, വരയൻപല്ലി, ചെമ്പൻഅരണ, കാട്ടരണ, പാമ്പരണ, കുട്ടിവിരലൻപല്ലി തുടങ്ങിയവയെല്ലാം കാഴ്ചവട്ടമൊരുക്കി.
ഭീകരത, ശ്മശാനത്തോളം
മൂന്നു പതിറ്റാണ്ടുമുന്പ് കാടുപിടിച്ചു കിടന്നിരുന്ന മാട്ടുമന്ത ശ്മശാനത്തിനകത്തു കടക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.പാമ്പുകളും മുയലുകളും കുറുക്കനും കീരിയും ഉടുന്പും പന്നിയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു ശ്മശാനം.
നഗരം കേന്ദ്രീകരിച്ച് ഭൂമിക്കച്ചവടം ശക്തിപ്പെട്ടതോടെ ശ്മശാനത്തോടു ചേർന്നുള്ള കാടുകളും പിന്നീട് ശ്മശാനവും വെട്ടിത്തെളിക്കുകയുണ്ടായി. തരിശായി കിടന്ന ശ്മശാനഭൂമിയിൽ 15 വർഷങ്ങൾക്ക് മുന്പാണ് മാട്ടുമന്തയിലെ യുവാക്കൾ വനവത്കരണവുമായി രംഗത്തെത്തിയതും ചെറുവനമായി രൂപപ്പെടുത്തിയതും.
മുക്കൈപ്പുഴയുടെ സാന്നിധ്യം ശ്മശാനഭൂമിയിലെ ജൈവവൈവിധ്യത്തിനും മുതൽക്കൂട്ടായെന്നു പരിസ്ഥിതിസ്നേഹികൾ പറയുന്നു.
ജില്ലയിലെ വിവിധ പച്ചത്തുരുത്തുകളുടെ ജൈവവൈവിധ്യം രേഖപ്പെടുത്തുന്നതിനായി പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി വിവിധ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന യജ്ഞത്തിന്റെ ഭാഗമായാണ് മാട്ടുമന്ത ശ്മശാനത്തിൽ കഴിഞ്ഞദിവസം സര്വേ നടത്തിയത്.
ആർ.അശ്വതി, അഡ്വ. ലിജോ പനങ്ങാടൻ, ഡോ. വിവേക് വൈദ്യനാഥൻ, എസ്. അരുൺ, വിവേക് സുധാകരൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ലതിക അനോത്ത്, ഡോ. രാജേഷ് രാധാകൃഷ്ണൻ, സേതുമാധവൻ, നന്ദൻ കോട്ടായി, ദീപം സുരേഷ്, ബോബൻ മാട്ടുമന്ത, അശ്വജിത്ത്, അജീഷ്, രുദ്ര,വേണു, അനുരൂപ, ഡോ. അഭിജിത്ത് മോഹൻ, രവി കാവുങ്കൽ, നവനീത് നമ്പ്യാർ, രാധാകൃഷ്ണൻ,ഹരി, ആർ. സതീഷ്, കെ. രാജേഷ് എന്നിവർ പങ്കെടുത്തു.