ഒലിപ്പാറ റോഡ് നവീകരണം ഇഴയുന്നു; പൊടിയിൽകുളിച്ച് യാത്രികരും നാട്ടുകാരും
1599753
Wednesday, October 15, 2025 1:14 AM IST
നെന്മാറ: നെന്മാറ- ഒലിപ്പാറ പാത നവീകരണത്തിൽ ദുരിതത്തിലായി പ്രദേശവാസികൾ. റോഡ് നവീകരണത്തിന്റെ ഭാഗമായി ഉപരിതലംപൊളിച്ച് മെറ്റലും പാറപ്പൊടിയും വിരിച്ച റോഡിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപടലം ഉയരുന്നതാണ് ദുരിതമാകുന്നത്. കണിമംഗലംമുതൽ തിരുവഴിയാട് വരെയുള്ള ആറുകിലോമീറ്റർ ദൂരത്താണ് ഈ ദുരവസ്ഥ. വാഹനം കടന്നുപോയാൽ സമീപത്തെ വീടുകളിലും കിണറുകളിലുമടക്കം പൊടിപടലംമൂടും.
വലിയ വാഹനങ്ങൾ കടന്നുപോയാൽ ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യാൻ പോലുമാകില്ല. കല്ലുകൾ ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവാണ്. റോഡരികിലെ വീട്ടുകാർ പൊടിശല്യം ഒഴിവാക്കാൻ സാരികളും പ്ലാസ്റ്റിക് ഷീറ്റുകളും മറ്റുംകെട്ടി ജനലുകളും വാതിലുകളും കിണറും അടച്ചുസൂക്ഷിക്കുകയാണ്.
വലിയ വാഹനങ്ങൾ കടന്നു പോയാൽ ഹെൽമെറ്റ് ധരിച്ചവർക്ക് ഗ്ലാസ് മുഴുവൻ പൊടിയിൽ കുളിക്കുന്നതിനാൽ ഗ്ലാസ് തുടച്ചുമാറ്റിയശേഷം മാത്രമേ യാത്രതുടരാൻ കഴിയൂ. ബസിൽ സഞ്ചരിക്കുന്നവരുടെയും ഇരുചക്രവാഹനക്കാരുടെയും വസ്ത്രങ്ങളിലും കണ്ണിലും പൊടിവീഴുന്നതും ദുരിതം കൂട്ടുന്നു. ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്ന് ദിവസം നാലുപ്രാവശ്യമെങ്കിലും നനച്ച് പൊടിശല്യത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.