വാർഡ് മെംബറെ മർദിച്ചെന്നു പോലീസിൽ പരാതി; വ്യാജമെന്നു നാട്ടുകാർ
1599484
Tuesday, October 14, 2025 1:09 AM IST
മണ്ണാർക്കാട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കാഞ്ഞിരപ്പുഴ രണ്ടാംവാർഡ് മെംബറുമായ പ്രതീഷിനെയും കുടുംബത്തെയും ഒരുസംഘം മർദിച്ചതായി പരാതി. കഴിഞ്ഞദിവസമാണ് സംഭവം. പ്രതീഷും കുടുംബവും ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് മണ്ണാർക്കാട് പോലീസിൽ പരാതിയുംനൽകി. അക്രമസംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം കാഞ്ഞിരപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊറ്റശേരിയിൽ പ്രതിഷേധപ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി മുഹമ്മദ് നിസാർ നേതൃത്വം നൽകി.
എന്നാൽ, കേസ് വ്യാജമെന്നു നാട്ടുകാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞദിവസം നടന്ന കേരളോത്സവത്തിൽ കാഞ്ഞിരപ്പുഴ പച്ചത്തുരുത്തിലുള്ള ക്ലബ്ബിനായിരുന്നു വിജയം. ഇതിൽ മാനസികമായി പ്രശ്നത്തിലായ മെംബർ പ്രതീഷ് മദ്യപിച്ചു ക്ലബ്ബിലെത്തി മെംബർമാരെ ജാതിപ്പേരു വിളിച്ച് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് മെംബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇനിയും ആക്രമിക്കുമെന്നുപറഞ്ഞ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിൽ ഭയന്ന് ക്ലബ്ബിലുള്ള യുവാക്കളെല്ലാം ഒളിവിലാണ്. സംഘർഷം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ഉടൻ പരിഹാരം കാണണമെന്ന് ക്ലബ്ബിലുള്ള വനിതകൾ മണ്ണാർക്കാട്ടു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അമ്മമാരും യുവതികളും കുട്ടികളുമുൾപ്പെടെ അമ്പതോളംപേരാണ് വാർത്താസമ്മേളനത്തിനെത്തിയത്.