കരിങ്കുന്നത്തെ ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനിറങ്ങുന്നു
1599754
Wednesday, October 15, 2025 1:14 AM IST
വടക്കഞ്ചേരി: പ്രദേശവാസികൾക്ക് രോഗകാരണമാകുന്ന തേനിടുക്കിനടുത്ത് കരിങ്കുന്നത്തെ ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങുന്നു. ഇതിന്റെ ഭാഗമായി സമീപത്തെ ഗാന്ധിഗ്രാമം റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവർക്ക് പരാതി നൽകി.
മലിനീകരണ നിയന്ത്രണബോർഡിന്റെ കുറ്റകരമായ അനാസ്ഥയാണ് പ്രദേശവാസികളെ മാറാരോഗികളാക്കുന്ന പ്ലാന്റിന്റെ പ്രവർത്തനത്തിന് പിന്നിലെന്ന ആക്ഷേപമാണ് താമസക്കാർ ഉന്നയിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പ്ലാന്റ് നടത്തിപ്പിനെതിരെ നടപടി എടുക്കാമെന്നിരിക്കെ അതുചെയ്യാതെ സാങ്കേതികത്വം പറഞ്ഞ് അനധികൃത നടപടികൾക്ക് കൂട്ടുനിൽക്കുകയാണെന്നാണ് ആരോപണം.
ഇതിനെതിരെ അടുത്ത ദിവസം മുതൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് പ്രദേശത്തെ കുടുംബങ്ങളുടെ തീരുമാനം. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ ദുസഹമായ ഗന്ധമാണ് ഉയരുക. ഇത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുന്ന സ്ഥിതിയാണ്. കഠിനമായ പുക പുറത്തേക്ക് തള്ളി പ്രദേശത്തെ കാർഷിക വിളകൾക്കും നാശമുണ്ടാകുന്നതായി താമസക്കാർ പറയുന്നു.
തുടർച്ചയായി പുകയടിച്ച് വൃക്ഷങ്ങളുടെ ഇലകളെല്ലാം കറുപ്പ് വർണമായി. വളർച്ച മുരടിക്കും. പ്ലാന്റിൽ നിന്നുള്ള മാലിന്യപുക ശ്വസിച്ച് പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ രോഗികളാകുന്ന ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്. തലകറക്കം, തലവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. പുക ശ്വസിച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ട് ഏതാനും താമസക്കാർ ബന്ധുവീടുകളിലേക്ക് താമസം മാറിയ സാഹചര്യവുമുണ്ട്.
മംഗലംഡാം ഉറവിടമാക്കിയുള്ള കുടിവെള്ള പദ്ധതിയുടെ ഒരു മെയിൻ ടാങ്ക് ഈ പ്ലാന്റിനടുത്താണ്. പുക നിയന്ത്രണ സംവിധാനങ്ങളില്ലാതെ പ്ലാന്റ് പ്രവർത്തിക്കുന്നത് തുടർന്നാൽ അത് കുടിവെള്ളം മലിനമാകാനും അതുവഴി കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗവ്യാപനത്തിനും വഴിവക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അപ്പോളോ ടയര്‍ കമ്പനി ചെയ്യുന്ന രീതിയില്‍ പ്ലാന്റിൽ നിന്നുള്ള പുക വെള്ളത്തിലേക്ക് വിട്ട് ലയിപ്പിച്ചാല്‍ മണമുണ്ടാകില്ലെന്ന് പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം നിര്‍ത്തിവെപ്പിക്കണമെന്ന് ഗാന്ധി ഗ്രാമം റസിഡന്‍ഷ്യല്‍ അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബെന്നി വര്‍ഗീസ്, സെക്രട്ടറി പി.കെ. ബാബു, ട്രഷറര്‍ ടി.എന്‍. രാജേന്ദ്രന്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് മാത്യു, ജോണ്സണ് മാത്യു, വര്‍ഗീസ് ചുമ്മാര്‍, ജ്യോതികുമാർ, കെ.എം. ജലീല്‍, പി.എ. ഫിലിപ്പ്, സുനില്‍ ചാക്കോ, വിശാഖ്, പയസ് എന്നിവർ പ്രസംഗിച്ചു.