പറമ്പിക്കുളത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; വിനോദസഞ്ചാരികൾക്ക് ഭീഷണി
1599478
Tuesday, October 14, 2025 1:09 AM IST
പറമ്പിക്കുളം: വിനോദസഞ്ചാരത്തിന് സ്ത്രീകളും കുഞ്ഞുങ്ങളുമായെത്തുന്ന സംഘത്തിന് പറമ്പിക്കുളത്തും തെരുവുനായകൾ ഭീഷണിയാവുകയാണ്. യാത്രക്കാർ വാഹനമിറങ്ങുന്ന സ്ഥലം പറമ്പിക്കുളം ജംഗ്ഷനിലാണ്. ഇവിടെയാണ് ഭക്ഷണശാലയും ശീതളപാനീയ സ്റ്റാളുകളുമുള്ളത്. ഇവിടെനിന്നുമാണ് ബോട്ട് ജെട്ടി, അണക്കെട്ട്, കന്നിമാരിതേക്ക്, തൂണക്കടവ് വനമേഖല സന്ദർശനത്തിന് വിനോദയാത്രക്കാർ പോവാറുള്ളത്.
നായകൾ അഞ്ചും ആറും എണ്ണം കൂട്ടമായാണ് ജനക്കൂട്ടത്തിനിടയിൽ എത്തുന്നത്. പലപ്പോഴും ഇവിടത്തെ വ്യാപാരികളാണ് നായകളെ ഓടിക്കുന്നത്. നായകൾ പരസ്പരം കടിച്ചുകീറി പരാക്രമം കാണിക്കുന്നതും ഭീതിജനകമാവുകയാണ്. ഇവിടെ നായപിടുത്തവും വന്ധീകരണവും നടത്താറില്ലെന്നാണ് താമസക്കാർ പരാതിപ്പെടുന്നത്. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കടിയിൽ ഒളിക്കുന്ന നായ്ക്കൾ വാഹനത്തിൽ കയറുന്നവർക്കെതിരെയും ആക്രമണത്തിനു തുനിയാറുണ്ട്.