തെരുവുനായ്ക്കൾ വീട്ടുവളപ്പിലും ഭീതി പരത്തുന്നു
1573335
Sunday, July 6, 2025 4:09 AM IST
കൊഴിഞ്ഞാമ്പാറ: റോഡുകളിൽ മാത്രം തമ്പടിച്ചിരുന്ന തെരുവുനായ്ക്കൾ കൂട്ടമായി വീടുകളിലേക്കും വരുന്നത് ഭീതിപരത്തുന്നു. മുന്പ് കല്ലെറിഞ്ഞാൽ തിരിഞ്ഞോടിയിരുന്ന നായ്ക്കൾ ഇപ്പോൾ ആക്രമണത്തിനു മുന്നോട്ടു പാഞ്ഞുവരികയാണ്. വീടുകളിലെ ആട്, കോഴി ഉൾപ്പെടെ വളർത്തുമൃഗങ്ങൾക്കും ശുനകപ്പട ഭീഷണിയാവുന്നുണ്ട്.
ഇത് കാരണം പലരും വളർത്തുമൃഗങ്ങളെ ഇരുമ്പ് കൂടുകളിലാണ് രാത്രി സമയങ്ങളിൽ കെട്ടുന്നത്. വീട്ടുവളപ്പിൽ കോഴികളെ തെരുവുനായ്ക്കൾ ആക്രമിച്ച സംഭവങ്ങൾ സ്ഥിരമാകുന്നു. വീടുകളിലെ വളർത്തുനായ്ക്കളേയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ കടിച്ച് പരിക്കേൽപ്പിക്കുന്നുണ്ട്. അതിനാൽ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ ഉണ്ടാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു.
കുട്ടികൾ വരാന്തകളിൽ കളിക്കുന്നതു പോലും രക്ഷിതാക്കൾ വിലക്കുകയാണ്. തെരുവുനായ്ക്കൾ ഇരുചക്ര വാഹനം ഓടിക്കുന്നവരേയും വെറുതെ വിടുന്നില്ല. ഒരു കിലോമീറ്റർ ദൂരം വരെ ഇവ പിറകേ ഓടിവരുന്ന സ്ഥിതിയുണ്ട്. ഇതുകാരണം വാഹനം മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കാറുമുണ്ട്.