വാഹനാപകടത്തിൽ പരിക്കേറ്റ സുബ്രഹ്മണ്യന്റെ കുടുംബത്തിന് താങ്ങായി സുമനസുകളെത്തി
1572773
Friday, July 4, 2025 5:47 AM IST
വടക്കഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വണ്ടാഴി പഞ്ചായത്ത് ഓഫീസിനടുത്തെ സുബ്രഹ്മണ്യനും കുടുംബത്തിനും സുമനസുകളുടെ സഹായഹസ്തം.
വടക്കഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഗ്നേച്ചർ കൂട്ടായ്മ ഇടപ്പെട്ട് ഏറ്റവും അടിയന്തരമായി ആവശ്യമുള്ള കട്ടിൽ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് മരത്തിന്റെ കട്ടിൽ കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ശശികുമാർ, വാർഡ് മെംബർ സുരേഷ്, ഗഫൂർ മുടപ്പല്ലൂർ എന്നിവരുമുണ്ടായിരുന്നു. മറ്റു അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉദാരമതികളുടെയും പഞ്ചായത്തിന്റെയും ഇടപെടലുകളുമുണ്ട്.
സുബ്രഹ്മണ്യന്റെ ദൈന്യസ്ഥിതി സംബന്ധിച്ച് ചൊവ്വാഴ്ചയിലെ ദീപിക പത്രത്തിലാണ് തറയിൽ കിടക്കുന്ന സുബ്രഹ്മണ്യന്റെ പടം സഹിതം വാർത്ത നൽകിയത്. വാർത്ത കണ്ട് ഫാ. ബെറ്റ്സൺ തുക്കുപറമ്പിൽ സുബ്രഹ്മണ്യനെ സഹായിക്കണമെന്ന ആവശ്യവുമായി സിഗ്നേച്ചർ കൂട്ടായ്മയുമായി ബന്ധപ്പെട്ട് ഇടപെടലുകൾക്ക് വേഗത കൂട്ടി. പിന്നെ വൈകിയില്ല. സിഗ്നേച്ചർ കോ-ഓർഡിനേറ്റർ സി.കെ. ഉണ്ണികൃഷ്ണൻ കൂട്ടായ്മയിലെ തന്നെ ടി.എം. ശശി ഉൾപ്പെടെയുള്ളവരെ ഇതിനായി ചുമതലപ്പെടുത്തി.
മണിക്കൂറുകൾക്കുള്ളിൽ തന്നെ സഹായമെത്താൻ തുടങ്ങി. കട്ടിൽ സ്പോൺസർ ചെയ്തയാൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സുബ്രഹ്മണ്യന് ഇനി ചികിത്സ തുടരണം. 11 മാസം മുമ്പാണ് വീടിനടുത്ത് വച്ച് സുബ്രഹ്മണ്യ (53)നെ ബൈക്ക് ഇടിച്ചത്.
അപകടത്തിൽ ഇടുപ്പിലും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. താലൂക്ക്, ജില്ലാ ആശുപത്രികളിലെ ചികിത്സകൾക്കു ശേഷവും ഇപ്പോഴും സ്വയം എഴുന്നേറ്റു നടക്കാനോ സ്വന്തം കാര്യങ്ങൾക്കോ സുബ്രഹ്മണ്യന് ആകുന്നില്ല. ഭാര്യ കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ചികിത്സകളും വീട്ടു ചെലവുകളും നടക്കുന്നത്. ഇത്രയും വേഗത്തിൽ ആഗ്രഹം സഫലമായതിന്റെ സന്തോഷവും സഹായം നൽകിയവരോട് പ്രത്യേകം നന്ദിയുമുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.