ക്ലീൻ കേരള ശേഖരിച്ചത് 2085 ടണ്‍ മാലിന്യം
1573003
Saturday, July 5, 2025 12:14 AM IST
പാലക്കാട്: ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിൽ ഹരിതകർമ കണ്‍സോർഷ്യങ്ങളിൽ നിന്നും ക്ലീൻ കേരള കന്പനി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചത് 2085 ടണ്‍ അജൈവ മാലിന്യം. ഇതിൽ 233 ടണ്‍ തരംതിരിച്ച മാലിന്യങ്ങളും1852 ടണ്‍ നിഷ്ക്രിയ മാലിന്യങ്ങളും ഉൾപ്പെടുന്നു.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 6743 ടണ്‍ അജൈവ മാലിന്യങ്ങളാണ് ക്ലീൻ കേരള കന്പനി ജില്ലയിൽ നിന്നും ശേഖരിച്ചത്. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് ജില്ലയിലെ അജൈവ മാലിന്യ ശേഖരണ പ്രവർത്തനങ്ങളുടെ അവലോകനം നടന്നത്.
സെക്ടർ അടിസ്ഥാനത്തിലുള്ള പ്രവർത്തനം ഉൗർജിതമാക്കുന്നതിനും മാലിന്യമുക്തം നവകേരളം കാന്പയിനിന്റെ ഭാഗമായി ഇ വേസ്റ്റ് ശേഖരണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനും തീരുമാനം കൈ കൊണ്ടതായി ജില്ലാ മാനേജർ ആദർശ് ആർ. നായർ അറിയിച്ചു.ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എംസിഎഫിൽ കൊണ്ടുവന്ന് തരംതിരിച്ച് മൂല്യവത്തായ മാലിന്യങ്ങളും നിഷ്ക്രിയ മാലിന്യങ്ങളും പ്രത്യേകമായാണ് ക്ലീൻ കേരളയ്ക്ക് കൈമാറുന്നത്.
മൂല്യവത്തായ മാലിന്യങ്ങൾക്ക് (പുനരുപയോഗവും പുനഃചംക്രമണവും സാധ്യമായത്) ക്ലീൻ കേരള ഹരിതകർമസേന ഹരിതകർമ കണ്‍സോർഷ്യത്തിന് തുക നൽകും. നിഷ്ക്രിയ മാലിന്യങ്ങൾ കൊണ്ടുപോയി ശാസ്ത്രീയമായും സുരക്ഷിതമായും സംസ്കരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരളയ്ക്ക് തുക നൽകുന്നു.
ക്ലീൻ കേരള കന്പനി എംസിഎഫുകളിൽ നിന്നും കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കുന്നു എന്ന് മാത്രമല്ല തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടി അത് സുരക്ഷിതായി കൈയ്യാഴിയുകയും ചെയ്യുന്നു എന്നത് ജില്ലയിൽ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ പ്രത്യേകിച്ച് ശാസ്ത്രീയ മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പിന്തുണയാണ്.