തേങ്കുറിശിയിലെ 14 കുളങ്ങൾക്കായി 98,000 മത്സ്യക്കുഞ്ഞുങ്ങളെ നൽകി
1572992
Saturday, July 5, 2025 12:14 AM IST
പാലക്കാട്: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെയും ജനകീയ മത്സ്യകൃഷി പദ്ധതിയുടെയും ഭാഗമായി ജില്ലാതല മത്സ്യക്കുഞ്ഞ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
ജില്ലയിൽ 1500 കുളങ്ങളാണ് തദ്ദേശസ്ഥാപനങ്ങൾവഴി മത്സ്യകൃഷിക്കായി തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി തേങ്കുറുശ്ശിയിലെ 14 കുളങ്ങളിലായി 98,000 മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.
തേങ്കുറുശ്ശിയിൽ മത്സ്യകർഷക ക്ലബ് നടത്തുന്ന അഞ്ച് കുളങ്ങൾ, കുടുംബശ്രീ, പാടശേഖര സമിതി എന്നിവ നടത്തുന്ന ഓരോ കുളവും, സ്വകാര്യവ്യക്തികൾ പാട്ടത്തിനെടുത്ത് നടത്തുന്ന ഏഴുകുളങ്ങൾ എന്നിവയിലേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വിളയൻചാത്തനൂർ പുന്നൂർ കുളത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. സ്വർണമണി, പഞ്ചായത്ത് മെംബർമാർ, ഫിഷറീസ് ഡിഡി ചാർജ് കെ.എസ്. രാജി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സി.ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു.