ശ്രീകുറുംബ ട്രസ്റ്റിന്റെ മുപ്പതാമത് സമൂഹവിവാഹം നാളെ
1572809
Friday, July 4, 2025 6:17 AM IST
വടക്കഞ്ചേരി: ശ്രീ കുറുംബ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മുപ്പതാമത് സ്ത്രീധനരഹിത സമൂഹവിവാഹം നാളെ നടക്കും. ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീകുറുംബ കല്യാണമണ്ഡപത്തിൽ രാവിലെ 9.30ന് നടക്കുന്ന സമൂഹ വിവാഹ ചടങ്ങിൽ വിവിധ തുറകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുമെന്ന് ട്രസ്റ്റ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ മൂന്ന് പഞ്ചായത്തുകളിൽ നിന്നായി 13 യുവതികളാണ് മംഗല്യവതികളാകുന്നത്. പിഎൻസി മേനോൻ ചെയർമാനായുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2003 ലാണ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ യുവതികളെ വിവാഹം ചെയ്ത് കൊടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ 22 വർഷങ്ങളിലായി നടന്നുവരുന്ന സമൂഹവിവാഹങ്ങളിൽ ഇതുവരെയായി 697 യുവതികൾ ട്രസ്റ്റിന്റെ തണലിൽ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.നാലര പവന്റെ സ്വർണാഭരണവും അത്യാവശ്യം വേണ്ട വീട്ടുപാത്രങ്ങളും വസ്ത്രങ്ങളും വിവാഹസദ്യയും ട്രസ്റ്റിന്റെ വകയാണ്. ട്രസ്റ്റി എ.ആർ. കുട്ടി, സീനിയർ മാനേജർ പി.പരമേശ്വരൻ, സോഷ്യൽ എംപവർമെന്റ് മാനേജർ എം.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.
ഇക്കുറി 22 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നാണ് 13 പേരെ തെരഞ്ഞെടുത്തത്. വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവുമുള്ള കൗൺസിലിംഗും കുടുംബജീവിതത്തെക്കുറിച്ച് ബോധവത്കരണവും വരനും വധുവിനും അവരുടെ മാതാപിതാക്കൾക്കും നല്കുന്നുണ്ട്. കൂടുതൽ പഞ്ചായത്തുകളിലേക്ക് ട്രസ്റ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.