യൂത്ത് കോണ്ഗ്രസ് ഡിഎംഒ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം
1573333
Sunday, July 6, 2025 4:09 AM IST
പാലക്കാട്: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, എൻ. സുബ്രഹ്മണ്യൻ, അന്പിളി മോഹൻദാസ്, സോനു പ്രണവ്, അഖിൽ ജോണ്, സുനിൽ ചുവട്ടുപാടം എന്നിവർക്ക് പരിക്കേറ്റു. ഉദ്ഘാടനത്തിന് ശേഷം മുദ്രാവാക്യം വിളിച്ച സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തുടർന്നാണ് ലാത്തിവീശിയത്. നേരത്തെ ഡിസീസ് ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷന് മുന്പിൽ പോലീസ് തടഞ്ഞു. സമരം യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കുംവരെ യൂത്ത് കോണ്ഗ്രസ് സമരം നടത്തുമെന്ന് അവർ വ്യക്തമാക്കി. ആരോഗ്യമേഖല തകർന്നതിന്റെ ഉത്തരവാദിത്വം മന്ത്രി വീണാ ജോർജിനും വകുപ്പിനുമാണ്.
സിസ്റ്റം തകരാറിലായതുകൊണ്ടാണ് കോട്ടയത്ത് ദുരന്തം ഉണ്ടായത് എന്നാണ് മന്ത്രി തന്നെ വ്യക്തമാക്കിയത്. ഭരണപക്ഷത്തിന്റെ പിടിപ്പുകേടാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ആരോഗ്യരംഗം അത്യാസന്നമായ നിലയിൽ എത്തിയതിന്റെ ഉത്തരവാദിത്വത്തിൽനിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഭരണം നിർവഹിക്കാൻ കഴിയാത്ത ആരോഗ്യമന്ത്രി അറിയാവുന്ന പണിക്ക് പോകുന്നതാണ് നല്ലതെന്നും സോയാ ജോസഫ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ഷഫീഖ് അത്തിക്കോട്, പ്രതീഷ് മാധവൻ, വിനോദ് ചെറാട്, ജിതേഷ് നാരായണൻ, അരുണ്കുമാർ പാലക്കുറുശി, എൻ.സുബ്രഹ്മണ്യൻ, ജില്ലാ ഭാരവാഹികളായ ലിജിത്ത് ചന്ദ്രൻ, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, രതീഷ് പുതുശേരി, സതീഷ് തിരുവാലത്തൂർ, ഇജാസ്, അന്പിളി മോഹൻദാസ്, എ. ഷഫീഖ്, വി.വത്സൻ, ഡി. ദിലീപ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ടി.എം നഹാസ്, ജയശങ്കർ കൊട്ടാരത്തിൽ, വിനോദ് കളത്തൊടി, നസീർ മാസ്റ്റർ, നവാസ്, കെ.സാജൻ, മനു പല്ലാവൂർ, റിനാസ് യൂസഫ്, കഐസ്യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാർ എന്നിവർ നേതൃത്വം നൽകി.